സാമ്പത്തിക സാങ്കേതികതയുടെ പുതുവഴികള്‍ തേടി ഫിന്‍ടെക് അബുദാബി

Posted on: October 28, 2019


അബുദാബി: വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി സാമ്പത്തിക വിനിമയ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ അന്വേഷിക്കുന്നതിനും അറിയുന്നതിനും പങ്കിടുന്നതിനുമായി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ‘ഫിന്‍ടെക്ക് അബുദാബി’ മൂന്നാമത് പതിപ്പ് അബുദാബിയില്‍ പുരോഗമിക്കുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി എക്‌സിബിഷന്‍ സെന്ററിലും ഇതര വേദികളിലുമായിട്ടാണ് മേള നടക്കുന്നത്.

മിഡിലീസ്റ്റ് വടക്കന്‍ ആഫ്രിക്കന്‍ മേഖലകളിലെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ടെക്ക്നോളജി (ഫിന്‍ടെക്ക്) മേളയായി അറിയപ്പെടുന്ന ഈ ത്രിദിന പരിപാടിയില്‍ ഫിനാബ്ലറും അമരത്തുണ്ട്. പ്രധാന പ്രാസംഗകരില്‍ ഫിനാബ്ലര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ടും ഉള്‍പ്പെടുന്നു. യു.എ.ഇ. എക്‌സ്ചേഞ്ച്, യൂനിമണി, എക്‌സ്പ്രസ് മണി, ട്രാവലക്‌സ്, റെമിറ്റ് ടു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് എന്നീ ഏഴ് ഘടക കമ്പനികളെ മുന്‍നിര്‍ത്തി സാമ്പത്തിക കാര്യ സാങ്കേതികതയില്‍ ഫിനാബ്ലര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വിജയമാതൃകകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രതിനിധികളെ അഭിമുഖീകരിച്ചത്.

50 രാജ്യങ്ങളില്‍ നിന്നായി 75 പ്രദര്‍ശകരും സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ഉള്‍പ്പെടെ 2000 ത്തിലേറെ സ്ഥാപനങ്ങളില്‍ നിന്നായി 5000 പ്രതിനിധികളും പങ്കെടുക്കുന്ന മേളയില്‍ നൂതന സാങ്കേതിക സംരംഭങ്ങളെ പരിചയപ്പെടുത്തുകയും നിരവധി സഹകരണ ഉടമ്പടികളും ഉത്പന്ന സേവനപങ്കാളിത്തവും ധാരണയാവുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ ധനവിനിമയ രംഗത്ത് അടിമുടി പുരോഗമനപരമായ ഗതിമാറ്റം ത്വരപ്പെടുത്തുവാന്‍ ഫിന്‍ടെക്ക് അബുദാബി ഫെസ്റ്റിന് സാധിക്കുന്നുണ്ടെന്നും തുടക്കം മുതല്‍ ഈ യാത്രയില്‍ സജീവ പങ്കാളികളായി ഫിനാബ്ലറിന് അവസരം ലഭിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു. യു.എ.ഇ. എക്‌സ്ചേഞ്ച് – യൂനിമണി ബ്രാന്‍ഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് കുമാറും പ്രതിനിധികളെ അഭിസംബോധന ചെയ്തു.

TAGS: Fintech Abudabi |