ഷാര്‍ജയില്‍ സ്‌കൈ വേ പദ്ധതിക്ക് തുടക്കം

Posted on: October 28, 2019

ഷാര്‍ജ: പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഷാര്‍ജയില്‍ സ്‌കൈവേ പദ്ധതിക്ക് തുടക്കമായി. നൂതന സംവിധാനങ്ങളോടുകൂടിയ കേബിള്‍കാറുകളാണ് സ്‌കൈവേ പദ്ധതിയില്‍ സര്‍വീസ് നടത്തുക. കേബിളില്‍ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള യാത്ര ജനങ്ങള്‍ക്കും ചരക്കുനീക്കത്തിനും സഹായകരമാകും. പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുതകുന്ന പദ്ധതിയുടെ യൂണികാര്‍ പരീക്ഷണ ഓട്ടത്തില്‍ യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഭാഗമായി. ഷാര്‍ജ റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ പാര്‍ക്കില്‍(എസ്.ആര്‍.ടി.ഐ.പി) ആയിരുന്നു പരീക്ഷണയോട്ടം. ശൈഖ് സുല്‍ത്താന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. സ്‌കൈവേ പദ്ധതിയില്‍ ഉപയോഗിച്ച അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. ബെലാറസിലെ സ്‌കൈവേ ഗ്രീന്‍ ടെക് കമ്പനിക്കാണ് ഇതിന്റെ നിര്‍മാണച്ചുമതല.

ഷാര്‍ജ എയര്‍പോര്‍ട്ട് റോഡുമുതല്‍ മുവൈല റോഡുവരെയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യവസായകേന്ദ്രങ്ങള്‍, താമസമേഖലകള്‍ എന്നിവ ഒട്ടേറെയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂരസര്‍വീസുകള്‍ ആരംഭിക്കും.

സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറയ്ക്കുകയും ഗതാഗതക്കുരുക്കില്‍ പെടാതെ യാത്ര സുഗമമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റോഡിനുമുകളിലുള്ള കേബിളിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യാനാകും. ഷാര്‍ജയെ ഭാവിയിലെ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് എസ്.ആര്‍.ടി.ഐ.പി സി.ഇ.ഒ ഹുസൈന്‍ അല്‍ മഹ്മൂദി പറഞ്ഞു.

പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്മെന്റ് മേധാവി മുഹമ്മദ് ഉബൈദ് അല്‍ സാബി, ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ) ചെയര്‍മാന്‍ റാഷിദ് അല്‍ ലീം, ഷാര്‍ജ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ചെയര്‍മാന്‍ അബ്ദുല്ല സാലിം അല്‍ താരിഫി, ഷാര്‍ജ പ്ലാനിങ് ആന്‍ഡ് സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് ഉപദേശകന്‍ സലാഹ് ബിന്‍ ബുത്തി അല്‍ ബുഹൈരി, അമേരിക്കന്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. കെവിന്‍ മിച്ചല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദുബായില്‍ സ്‌കൈ പോഡ് (എലവേറ്റഡ് റെയില്‍വേ) വികസിപ്പിക്കുന്നതിനായി ഇതേ കമ്പനി അടുത്തിടെ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍.ടി.എ.) ധാരണാപത്രം ഒപ്പിട്ടിരുന്നു. 2018 ഒക്ടോബറിലാണ് സ്‌കൈവേ ഗ്രൂപ്പും ഷാര്‍ജ റിസര്‍ച്ച് ടെക്നോളജിയും ഇന്നൊവേഷന്‍ പാര്‍ക്കും തമ്മില്‍ നിക്ഷേപക്കരാറില്‍ ഒപ്പിടുന്നത്. സ്‌കൈവേ ടെസ്റ്റ് സൈറ്റ് നിര്‍മിക്കാന്‍ 25 ഹെക്ടര്‍ അനുവദിക്കുകയുംചെയ്തിരുന്നു. ലോകമെമ്പാടുമുള്ള സ്‌കൈ പോഡിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് സ്‌കൈവേ ഗ്രീന്‍ടെക് കമ്പനി.

TAGS: Sky-way Project |