കാഷ് മാനേജ്മെന്റ് സേവനത്തിന് യുഎഇ എക്‌സ്‌ചേഞ്ചും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും കൈകോര്‍ക്കുന്നു

Posted on: July 20, 2019

അബുദാബി: ആഗോള പണമിടപാട് ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചും പ്രമുഖ ബാങ്കിംഗ് ശൃംഖലയായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും തമ്മില്‍ പണമിടപാടു സംബന്ധമായ ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് യുഎഇയിലെ ഏഴ് എമിറേറ്റുകളിലുടനീളമുള്ള യുഎഇ എക്‌സ്‌ചേഞ്ചിന്റെ വിപുലമായ ശാഖാ ശൃംഖലയിലെ 150 ല്‍ പരം ശാഖകള്‍ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ ധാരണ.

ഫിനാബ്ലര്‍ ഹോള്‍ഡിംഗ്‌സിലെ പ്രമുഖ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ ധാരണ, കാഷ് ഡെപ്പോസിറ്റ് മാനേജുമെന്റിനുള്ള ഫലപ്രദമായ സംവിധാനമാണ്. നൂതനവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള യുഎഇ എക്‌സ്‌ചേഞ്ച് ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. വെര്‍ച്യുല്‍ അക്കൗണ്ട് സൊല്യൂഷന്‍ ഉപയോഗിക്കുന്നതു വഴി തത്സമയം പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയും ചെയ്യും. ഇതിനകം തന്നെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ അഞ്ച് പ്രമുഖ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ യുഎഇ എക്‌സ്‌ചേഞ്ച് വഴി ഈ പുതു സേവന സംവിധാനം തിരഞ്ഞെടുത്തിട്ടുണ്ട്.

ഏറെക്കാലമായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഒരു സേവനോഭോക്താവായ തങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ യുഎഇ എക്‌സ്‌ചേഞ്ചിലൂടെ തത്ക്ഷണം പണം നിക്ഷേപിക്കാന്‍ കഴിയുന്നത് സന്തോഷകരമാണെന്നും ഈ സംവിധാനം തങ്ങളുടെ സെയില്‍സ് ടീമംഗങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണെന്നും ആഗോള ഭക്ഷ്യ കമ്പനികളിലൊന്നായ ബിആര്‍എഫിന്റെ ട്രഷറി ഹെഡ് ബ്രൂണോ മസെറ പറഞ്ഞു.

യുഎഇ.യില്‍ 60 വര്‍ഷത്തെ സമ്പന്നപാരമ്പര്യവും പരിചയവുമുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന് തങ്ങളുടെ ഉപയോക്താക്കള്‍ക്കു വേണ്ടി ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള പങ്കാളിത്തം വളരെ പ്രയോജനപ്പെടുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സിഇഒ റോള അബു മനേഹ് അഭിപ്രായപ്പെട്ടു.

TAGS: UAE EXCHANE |