ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു

Posted on: July 3, 2019

 

ദുബായ് :  ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനില്‍വെച്ചായിരുന്നു മരണമെന്ന്
ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ട്  അറിയിച്ചു. ലണ്ടനില്‍ നിന്ന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്റെ മൃതദേഹം യു.എ.ഇ യില്‍ എത്തുന്നതു മുതല്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഗവ. ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷാര്‍ജയില്‍ ഈ ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചു. ലണ്ടനില്‍ നിന്ന് മൃതദേഹം എത്തുന്നസമയവും ഖബറടക്കം നടക്കുന്ന സമയവും പിന്നീട് അറിയിക്കുമെന്നും റൂളേഴ്‌സ് കോര്‍ട്ട് അറിയിച്ചു.

ഷാര്‍ജ അര്‍ബര്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനാണ് അന്തരിച്ച ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റില്‍ പൈതൃകസംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം പുരാവസ്തു ഗവേഷണം പ്രോത്സാഹിപ്പിക്കാനും പുരാവസ്തുശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളകള്‍ സംഘടിപ്പിക്കാനും ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ നേതൃത്വും നല്‍കിയിരുന്നു.

എമിറേറ്റില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന വസ്തു ശില്‍പമേളയുടെ നിയന്ത്രണവും അദ്ദേഹത്തിനായിരുന്നു. 2008 ല്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്റെ കൂടി ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഫാഷന്‍ ലേബലിന്റെ പ്രദര്‍ശനം ഷാര്‍ജയില്‍ സംഘടിപ്പിച്ചിരുന്നു.