യു. എ. ഇ. ദീര്‍ഘകാല വിസാനിരക്ക് പ്രഖ്യാപിച്ചു. പത്തുവര്‍ഷത്തേക്ക് 1150 ദിര്‍ഹം

Posted on: May 28, 2019

ദുബായ് : നിക്ഷേപര്‍ക്കും സംരംഭകര്‍ക്കും വിവിധ മേഖലയിലെ വിദഗ്ധര്‍ക്കും യു. എ. ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. പത്തുവര്‍ഷത്തെ വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്. അഞ്ചു വര്‍ഷ വിസയുടെ നിരക്ക് 650 ദിര്‍ഹമാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതേ നിരക്കില്‍ തന്നെ ദീര്‍ഘകാല വിസ അനുവദിക്കും.

പത്തുവര്‍ഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവുമാണ്. അഞ്ചുവര്‍ഷത്തെ വിസയ്ക്ക് ഇത് യഥാക്രമം 150 ദിര്‍ഹവും 500 ദിര്‍ഹവുമാണ്. ദീര്‍ഘകാല വിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂല സാഹചര്യങ്ങലും സൗകര്യങ്ങളും മനസ്സിലാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിച്ചു തുടങ്ങി. 1100 ദിര്‍ഹമാണ് ഇതിന്റെ നിര്ക്ക്.

വന്‍കിട നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രി സഭായോഗം ഇതിന് അനുമതി നല്‍കിയത്. നിയമനിര്‍മാണം പൂര്‍ത്തിയായതോടെ കഴിഞ്ഞ ആഴ്ചമുതല്‍ ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങി. ആറായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം. ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ആദ്യ ദീര്‍ഘകാല വിസകള്‍ അനുവദിച്ചത്. തന്റെ ഭാര്യയും മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങള്‍ക്ക് പത്തു വര്‍ഷത്തെ വിസ ലഭിച്ചതായി വാസു ഷ്‌റോഫ് പറഞ്ഞു. നടപടികള്‍ വളരെ ലളിതമാണെന്നും പത്തുമിനിറ്റിനകം വിസ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.