അമോണിയ എനര്‍ജി ഇംപ്രൂവ്‌മെന്റ് പ്രോജക്ട് വിജയകരമായി കമ്മീഷന്‍ ചെയ്ത് എം സി എഫ്

Posted on: November 5, 2022


തിരുവനന്തപുരം : അമോണിയ എനര്‍ജി ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് വിജയകരമായി കമ്മീഷന്‍ ചെയ്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്. അഡ്വന്റ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ സുവാരി അഗ്രോ കെമിക്കല്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (എം സി എഫ്). രാസവള നിര്‍മ്മാണ മേഖലയില്‍ 50 വര്‍ഷം പാരമ്പര്യമുള്ള എം സി എഫ് തങ്ങളുടെ എനര്‍ജി ഇംപ്രൂവ്‌മെന്റ് പ്രോജക്ട് കമ്മീഷന്‍ ചെയ്തതിലൂടെ നിലവിലുള്ള പ്ലാന്റില്‍ ആധുനിക പ്ലാന്റുകള്‍ക്ക് തുല്യമായ ഊര്‍ജ്ജക്ഷമത കൈവരിച്ചിരിക്കുകയാണ്. 400 കോടി രൂപ മൂലധനത്തില്‍ ആവിഷ്‌കരിച്ച പദ്ധതി ഈ രംഗത്ത് മികച്ച പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 2020 ല്‍ എം സി എഫിന്റെ യൂറിയ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ നാഫ്തയില്‍ നിന്നും വാതകത്തിലേയ്ക്ക് മാറിയിരുന്നു. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 2025 ഡിസംബറോടുകൂടി യൂറിയ നിര്‍മ്മാണ കമ്പനികള്‍ ഊര്‍ജ്ജ ഉപഭോഗ മാനദണ്ഡങ്ങളില്‍ കാര്യമായ കുറവ് വരുത്തേണ്ടത് അത്യാവശ്യമാണ്. കേന്ദ്ര രാസവള വകുപ്പിന്റെ ഉത്തരവിന് അനുസൃതമായി, പഴയ പ്ലാന്റിനെ നവീകരിച്ച് അത്യാധുനിക പ്ലാന്റുകളുടെ കാര്യക്ഷമതയ്ക്കൊപ്പം എത്തിക്കാന്‍ എം സി എഫിന് കഴിഞ്ഞിട്ടുണ്ട്.

നിലവിലുള്ള പ്ലാന്റുകളില്‍ അമോണിയ ഉത്പാദന മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ പഠനങ്ങള്‍ നടത്തുകയും ആഗോള പ്രമുഖരായ വിതരണക്കാരുടെ സഹായത്തോടുകൂടി നവീകരണപദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്തു. കമ്മീഷനു ശേഷം ഉത്പാദനം 25 ശതമാനം വര്‍ദ്ധിക്കുമെന്നും ഊര്‍ജ്ജ ഉപഭോഗം 10 മുതല്‍ 15 ശതമാനം വരെ കുറയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ളതിനെ അപേക്ഷിച്ച് ഊര്‍ജ്ജ ഉപഭോഗം 5.5 ഗിഗാ കാലറി / മെട്രിക് ടണ്ണായി കുറയ്ക്കുന്നതിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷമൊരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..

1970 മുതല്‍ കര്‍ണാടകയിലെ യൂറിയ ഉത്പാദന മേഖലയിലും കോംപ്ലക്‌സ് ഫെര്‍ട്ടിലൈസേഴ്‌സ് ഉത്പാദന മേഖലയിലും പ്രവര്‍ത്തിക്കുന്ന ഏക രാസവള നിര്‍മ്മാണ കമ്പനിയാണ് എം സി എഫ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ആവശ്യമായ സഹകരണം ഒരുക്കുവാന്‍ എം സി എഫിന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. എംസിഎഫിന്റെ ബ്രാന്‍ഡായ ‘ജയ് കിസാന്‍ മംഗള’ ഉത്പാദന മികവുകൊണ്ടും ഗുണനിലവാരം കൊണ്ടും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.

പ്രോജക്ട് കമ്മീഷനിങ്ങിനു വേണ്ടി പ്ലാന്റ് അടച്ചിട്ട കാരണത്താല്‍ ഈ വര്‍ഷത്തിന്റെ ഒന്നാം പാദത്തിലും സെപ്റ്റംബര്‍ 30 വരെയുള്ള അര്‍ദ്ധവാര്‍ഷിക കാലയളവിലും കമ്പനി സാമ്പത്തികമായി ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്ലാന്റിലെ പുതിയ ആധുനിക സൗകര്യവും ഉത്പാദന ക്ഷമതയിലെ വര്‍ധനവും കൊണ്ട് ഈ വര്‍ഷത്തിലെ ബാക്കിയുള്ള കാലയളവില്‍ കാര്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് എം സി എഫ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി എം മുരളീധരന്‍ പറഞ്ഞു.

 

TAGS: MCF |