ബിസിനസ് ന്യൂസ് സഹകരണ സെമിനാറും പുരസ്‌കാര വിതരണവും നടത്തി

Posted on: November 29, 2021

പാലക്കാട് : ബിസിനസ് ന്യൂസ് 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സഹകരണ സെമിനാറും പുരസ്‌കാര വിതരണവും ശ്രദ്ധേയമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് 2021 ഫെബ്രുവരിയിലാണ് തുടക്കം കുറിച്ചതെങ്കിലും കോവിഡ് രണ്ടാം തരംഗ വ്യാപനവും ലോക്ഡൗണും തുടരാഘോഷങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ക്ക് കാര്യമായ ഇളവുകള്‍ വന്ന സാഹചര്യത്തിലാണ് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാറും പുരസ്‌കാര വിതരണവും നടന്നത്.

വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം ബി രാജേഷ് എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു. എ പ്രഭാകരന്‍ എം എല്‍ എ സെമിനാറിന്റെ ഉല്‍ഘാടനവും കെ.ശാന്തകുമാരി എം എല്‍ എ പുരസ്‌കാരവിതരണവും നിര്‍വ്വഹിച്ചു.

കേരളാ ദിനേഷ് ചെയര്‍മാന്‍ എം.കെ. ദിനേഷ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ശബരീദാസന്‍ എം, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറിയുമായ എം പുരുഷോത്തമന്‍ എന്നിവര്‍ സഹകരണ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.

മില്‍മ, മത്സ്യഫെഡ്, കേരളത്തില്‍ ആദ്യമായി സഹകരണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊടുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രഡിറ്റ് സൊസൈറ്റി, ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അലനെല്ലൂര്‍ അര്‍ബന്‍ ക്രഡിറ്റ് സൊസൈറ്റി, യൂണിവേഴ്‌സല്‍ സഹകരണ കോളേജ്, കല്ലടിക്കോട് സര്‍വ്വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക്, അലനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കേരളാ ദിനേഷ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മൂന്നു പതിറ്റാണ്ടിലേറെയായി സഹകരണരംഗത്ത് പ്രവര്‍ത്തിച്ച് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയ എം.പുരുഷോത്തമന്‍ വ്യക്തിഗത പുരസ്‌കാരമായ സഹകരണ സാരഥി പുരസ്‌കാരം ഏറ്റു വാങ്ങി.

ബിസിനസ് ന്യൂസ് പബ്‌ളിക്കേഷന്‍സ് ചീഫ് എഡിറ്ററും ഫയര്‍ നിബ് മീഡിയ പ്രൈ.ലിമിറ്റഡിന്റെ ഡയറക്‌റുമായ എസ് വി അയ്യര്‍ അദ്യക്ഷത വഹിച്ചു. ബിസിനസ് ന്യൂസ് പബ്‌ളിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ഡോ.എം കെ ഹരിദാസ് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ പി എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

TAGS: Business News |