ലോക ആത്മഹത്യാ പ്രതിരോധദിനത്തില്‍ അവബോധമുണര്‍ത്താന്‍ മാനസികാരോഗ്യ ഗാനവുമായി എംപവറും ഗായകന്‍ ആര്‍ജിത് സിംഗും

Posted on: September 13, 2021


കൊച്ചി : ലോക ആത്മഹത്യാ പ്രതിരോധദിനത്തില്‍ മാനസികാരോഗ്യ സേവനരംഗത്തെ പ്രമുഖരായ എംപവറും ഗായകനും സംഗീതസംവിധായകനുമായ ആര്‍ജിത് സിംഗും ചേര്‍ന്ന് പ്രതീക്ഷയുടെ പുതിയ ഗാനം അവതരിപ്പിച്ചു. ജീവിതം എല്ലാ മാഹാത്മ്യത്തോടെയും ആഘോഷമാക്കുന്നതിനായുള്ള അവബോധം സൃഷ്ടിക്കുന്നതാണ് ഈ ഗാനം. സിന്ദഗി കോ ഹൈ ഫൈവ് എന്ന താളനിബദ്ധമായ ഗാനം ലോക ആത്മഹത്യാ പ്രതിരോധദിനത്തിലാണ് എംപവര്‍ അവതരിപ്പിച്ചത്. മാനസികാരോഗ്യത്തിനായുള്ള ഗാനം എംപവറിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തിറക്കിയത്.

ചിന്തോദ്ദീപകമായ വരികളും ചിത്രീകരണവും ഉള്‍പ്പെടുത്തി ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിന്ദഗി കോ ഹൈ ഫൈവ് -ലെ സന്ദേശം. സ്വന്തം ഇഷ്ടങ്ങള്‍ പിന്തുടരാന്‍ താത്പര്യമുള്ള യോദ്ധാക്കള്‍ അവരുടെ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കുന്നതുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു.

ആദിത്യ ബിര്‍ള എജ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള മാനസികാരോഗ്യ സേവനരംഗത്തെ പ്രമുഖരായ എംപവറും പ്രമുഖ ഗായകനായ ആര്‍ജിത് സിംഗുമായുള്ള പങ്കാളിത്തത്തില്‍ ശക്തമായ സന്ദേശമാണ് നല്കുന്നത്.

കഴിഞ്ഞ പതിനെട്ട് മാസമായി മാനസികാരോഗ്യരംഗത്തെ വെല്ലുവിളി വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് എംപവര്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നീരജ ബിര്‍ള പറഞ്ഞു.

ജീവിതം മനോഹരമാണെന്നും അതിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കണമെന്നും ആര്‍ജിത് സിംഗ് പറഞ്ഞു. ചെറിയ നിമിഷങ്ങള്‍പോലും സ്വന്തക്കാര്‍ക്കൊപ്പം ആഘോഷിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ജിത് സിംഗ് പാടിയ ഗാനം എം.ആര്‍. സണ്ണിയാണ് ചിട്ടപ്പെടുത്തിയത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികള്‍. ബാസ്, ഇലക്ട്രിക്, അക്വസ്റ്റിക് ഗിറ്റാര്‍ വായിച്ചത് റോളണ്ട് ഫെര്‍ണാണ്ടസ്. മിക്‌സ് ചെയ്തത് അഭിഷേക് സോര്‍ട്ടിയുടെ സഹായത്തോടെ ശദാബ് റായീന്‍.

എംപവര്‍ ഇരുപത്തിനാലു മണിക്കൂറും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളില്‍ മാനസികാരോഗ്യ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ള ആര്‍ക്കും ഈ സേവനം ഉപയോഗിക്കാം. വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ 1800-120-820050.

വീഡിയോയുടെ ലിങ്ക് ഇതോടൊപ്പം: https://youtu.be/okcid0OafBI

 

TAGS: M POWER |