23,000ലേറെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് റോഡ് സുരക്ഷ അവബോധം നല്‍കി ഹോണ്ട

Posted on: February 16, 2021

കൊച്ചി: നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളന്റിയര്‍മാരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ റോഡ് സുരക്ഷ പരിശീലന പരിപാടിയായ ‘ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍’ വഴി ഇന്ത്യയിലുടനീളമുള്ള 23,000ലേറെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി.

ഹോണ്ടയുടെ പ്രത്യേക റോഡ് സുരക്ഷാ പരിശീലകരാണ്, റോഡ് സുരക്ഷയുടെ പ്രധാന വശങ്ങളെക്കുറിച്ച് 16 വയസിന് മുകളില്‍ പ്രായമുള്ള എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ഡിജിറ്റല്‍ പരിശീലനം നല്‍കിയത്. 2020 ജൂണില്‍ തുടങ്ങി വെറും എട്ടു മാസത്തിനിടെ, രാജ്യത്തെ 30 നഗരങ്ങളിലായി 13 സര്‍വകലാശാലകളിലെ 200 കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കി. കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വോളന്റിയര്‍മാര്‍ പരിശീലന പദ്ധതിയുടെ ഭാഗമായി.

റോഡ് സുരക്ഷാ നിയമങ്ങള്‍, വിവര ചിഹ്നങ്ങള്‍, മുന്‍കരുതല്‍ അടയാളങ്ങള്‍, ട്രാഫിക് സിഗ്നല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കേണ്ടതിന്റെ പ്രാധാന്യം, റോഡപകടങ്ങളിലെ പരിക്കുകള്‍ കുറയ്ക്കാന്‍ ശാസ്ത്രീയ സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് ഹോണ്ട പരിശീലകര്‍ വോളന്റിയര്‍മാര്‍ക്ക് വിശദീകരിച്ചു. ഇതിന് പുറമേ ശരിയായ പാതയുടെ ഉപയോഗം, റോഡ് പങ്കിടുന്നതിലെ മര്യാദ, യാത്ര തുടങ്ങുന്നതിനുമുമ്പ് നടത്തേണ്ട പ്രധാന പരിശോധനകള്‍, വാഹന പരിപാലന നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ചും പരിശീലകര്‍ വിശദീകരിച്ചു.

50 വര്‍ഷം മുമ്പ് ആഗോളതലത്തില്‍ റോഡ് പരിശീലനം ആരംഭിച്ച ആദ്യ വാഹന നിര്‍മാതാക്കളായ ഹോണ്ട, ഇന്ത്യയിലും റോഡ് സുരക്ഷാ അവബോധം വ്യാപിപ്പിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളാണ്. 2001 ലെ തുടക്കം മുതല്‍ ഇതുവരെ ഹോണ്ടയുടെ റോഡ് സുരക്ഷാ പരിശീലകര്‍ 38 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് റോഡ് സുരക്ഷ അവബോധം നല്‍കിയിട്ടുണ്ട്. ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ എന്ന പേരിലുള ഡിജിറ്റല്‍ സംരംഭം വഴി 185 ലധികം നഗരങ്ങളിലെ രണ്ടു ലക്ഷത്തിലേറെ ഇന്ത്യക്കാരെയും ഉത്തരവാദിത്തമുള്ള റോഡ് ഉപയോക്താക്കളായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചു.