നിയോപോര്‍ട്ട് ആപ്പ് വികസനത്തിന് പിന്തുണയുമായി ജെനെസിസ് ഫൗണ്ടേഷന്‍

Posted on: February 2, 2021

കൊച്ചി: ജന്മനാ ഹൃദ്രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ സിഎസ്ആര്‍ സഹകാരിയായ ഒറാക്കിള്‍ ഇന്ത്യയുമായി ചേര്‍ന്ന് നീയോപോര്‍ട്ട് ആപ്പ് വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നു. വിവിധ ജില്ലാ ആശുപത്രികളില്‍ നിന്നും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എഐഎംഎസ്)കൊണ്ടു വരുന്ന കുട്ടികളുടെ നിര്‍ണായക വിവരങ്ങള്‍ യാത്രാവേളയിലും ഡോക്ടര്‍മാര്‍ക്ക് ലഭ്യമാകുന്നതിലൂടെ ആപ്പ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു.

ലോകം കോവിഡ്-19നെതിരെ പോരാടുന്നതിനിടയിലും ജെനെസിസ് ഫൗണ്ടേഷനും ഒറാക്കിള്‍ ഇന്ത്യയും ചേര്‍ന്ന് നിയോപോര്‍ട്ട് ആപ്പിനെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിന് സാമ്പത്തിക പിന്തുണ നല്‍കാനായി മുന്നോട്ടു വരികയാണ്. ഉപയോക്താവിന്റെ അനുഭവം വര്‍ധിപ്പിക്കുന്നതിനായി വെബ്-ഇന്റര്‍ഫേസ്, ഭരണ നിയന്ത്രണം തുടങ്ങിയവ കൂട്ടിചേര്‍ത്ത് നിയോപോര്‍ട്ട് അപ്ഗ്രേഡ് ചെയ്യുന്നു. ഇവയെല്ലാം ചേര്‍ന്ന് കുട്ടികളെ സുരക്ഷിതമായി ആശുപത്രിയിലേക്ക് എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

ജന്മനാ സങ്കീര്‍ണമായ ഹൃദയ തകരാറുകളുള്ള കുട്ടികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. ആമ്പുലന്‍സിലെ യാത്രാ വേളയിലെ സമയം മുഴുവന്‍ ‘ബ്ലൈന്‍ഡ് സ്പോട്ടാണ്’.അയക്കുന്ന ഇടം മുതല്‍ സ്വീകരിക്കുന്ന ഇടം വരെയുള്ള ഈ ഇടവേളയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ അറിവില്ലായ്മയും സുഖമില്ലാത്ത കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്ന അറിവില്ലായ്മയും പ്രശ്നങ്ങളുണ്ടാക്കും. താപനില, ഹൃദയമിടിപ്പ്, റെസ്പിരേറ്ററി നിരക്ക്, എസ്ഒ2, രക്തത്തിലെ പഞ്ചസാര തുടങ്ങിയവയെല്ലാം അറിഞ്ഞിരിക്കണം. ഇതെല്ലാം ശരിയായ നിരീക്ഷണത്തിലല്ലെങ്കില്‍, മോശമായ ക്ലിനിക്കല്‍ അവസ്ഥയിലാണെങ്കില്‍ ഒടുവിലത്തെ ഫലത്തെ ഇത് ബാധിക്കും.

നിയോപോര്‍ട്ട് ആപ്പിന്റെ അടുത്ത തല വികസനത്തിന് പിന്തുണ നല്‍കുന്ന ഒറാക്കിളിനും ജെനെസിസിനും പീഡിയാട്രിക്ക് കാര്‍ഡിയോളജി നന്ദി പറയുന്നുവെന്നും ഹൃദയ തകരാറുള്ള നവജാത ശിശുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനില്‍ നേരിടുന്ന വെല്ലുവിളകളെ അതിജീവിക്കുന്നതില്‍ ഇത് വലിയ കാര്യമാകുമെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (3ഡി പ്രിന്റിങ് ആന്‍ഡ് ഇന്നവേഷന്‍ ലാബോറട്ടറി) പീഡിയാട്രിക്ക് കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. മഹേഷ് കാപ്പനായില്‍ പറഞ്ഞു.

ജന്മനായുള്ള ഹൃദയ തകരാറുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും അതിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അമൃതയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റഫര്‍ ചെയ്യുന്ന ആശുപത്രികളില്‍ നിന്നും സ്വീകരിക്കുന്ന ആശുപത്രിയിലേക്കുള്ള നവജാത ശിശുക്കളുടെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന് ആപ്പ് ഉറപ്പു വരുത്തുമെന്നും ഒറാക്കിളാണ് ഇതിന് ഫണ്ട് പിന്തുണ നല്‍കുന്നതെന്നും കുഞ്ഞു ഹൃദയങ്ങളെ രക്ഷിക്കാനുള്ള സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും ജെനെസിസ് ഫൗണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി ജ്യോതി സാഗര്‍ പറഞ്ഞു.

അയക്കുന്ന ആളെയും ട്രാന്‍സ്പോര്‍ട്ടറെയും സ്വീകര്‍ത്താവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിയോപോര്‍ട്ട് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും അമൃതയിലെ വിദഗ്ധര്‍ക്ക് യഥാസമയങ്ങളില്‍ വിവരങ്ങള്‍ അറിയാനും നിരീക്ഷിക്കാനും ഇതുവഴി സാധിക്കുമെന്നും ഓരോ ടീമിന്റെ വിവരങ്ങള്‍ തമ്മില്‍ സംയോജിപ്പിച്ച് നിര്‍ണായക ക്ലിനിക്കല്‍ ഡാറ്റ കൈമാറാനും ജിപിഎസ് ട്രാക്കിങ്ങിലൂടെ വിജിലന്റാകാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും സാധിക്കുന്നു.

കൊച്ചി എഐഎംഎസ് വര്‍ഷത്തില്‍ 700-750 ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ട്. നിയോപോര്‍ട്ട് ആപ്പ് വിശ്വസനീയവും സുരക്ഷിതവുമായ യാത്ര രോഗിക്ക് ഉറപ്പു വരുത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 73 ശിശുക്കളെ അമൃതയിലേക്ക് നിയോപോര്‍ട്ട് ആപ്പിന്റെ കൂടി സഹായത്തോടെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ആപ്പ് നിലവില്‍ ലഭ്യമാണ്.