ഊബറിന്റെ ആഗോള ”ഡ്രൈവിംഗ് ചേഞ്ച്” പ്രചാരണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

Posted on: March 6, 2020

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഊബറിന്റെ ആഗോള ”ഡ്രൈവിംഗ് ചേഞ്ച്” പ്രചാരണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ലാഭേതര പ്രസ്ഥാനമായ ബ്രേക്ക്ത്രൂവുമായി ഊബര്‍ സഹകരിക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ”അവഗണന ഇനിവേണ്ട” എന്ന പ്രചാരണം അവതരിപ്പിച്ചു. കാഴ്ചക്കാരന്റെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുകയും പൊതു ഇടങ്ങളില്‍ ലിംഗാധിഷ്ഠിത അതിക്രമം അവസാനിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് പ്രചാരണം.

സ്ത്രീകളോടുള്ള അക്രമവും വിവേചനവും അസ്വീകാര്യമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ബ്രേക്ക്ത്രൂ സമര്‍പ്പിച്ചിരിക്കുന്നതെന്നും അവബോധം വളര്‍ത്തുന്നതിനും പ്രവര്‍ത്തനത്തെ പ്രചോദിപ്പിക്കുന്നതിനും ലിംഗാധിഷ്ഠിത അക്രമവും കാഴ്ചക്കാരന്റെ നിസംഗതയും ”ഇനി വേണ്ട” എന്ന് പറയാന്‍ കൂടുതല്‍ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമാണ് അവഗണന ഇനിവേണ്ട എന്ന പ്രചാരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സുരക്ഷിതമായ പൊതു ഇടങ്ങള്‍ സഷ്ടിക്കുന്നതില്‍ അവരവരുടെ പങ്ക് മനസിലാക്കി കൊടുക്കുന്നതിന് പ്രചാരണം സഹയിക്കുമെന്നും ഈ വിഷയത്തില്‍ മുന്‍നിരക്കാരാകാന്‍ ഊബര്‍ പ്രതിജ്ഞാബദ്ധമാണെന്നതില്‍ സന്തോഷമുണ്ടെന്നും ബ്രേക്ക്ത്രൂ പ്രസിഡന്റും സിഇഒയുമായ സോഹിനി ഭട്ടാചാര്യ പറഞ്ഞു.

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഈയിടെ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2018ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ 3.78 ലക്ഷം അക്രമ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വെറും കാഴ്ചക്കാര്‍ എന്നതിനപ്പുറത്തേക്ക് കൂടെയുള്ളവരെ മാറ്റുകയാണ് അവഗണന ഇനിവേണ്ട എന്ന പ്രചാരണത്തിന്റെ ലക്ഷ്യം. ഈ സമീപനം കാഴ്ച്ചക്കാരെ ശാക്തീകരിച്ച് പ്രശ്നങ്ങളില്‍ ഇടപെടാന്‍ പ്രോല്‍സാഹിപ്പിക്കും.

ലൈംഗീക അതിക്രമവും ലിംഗാധിഷ്ഠിത ആക്രമണവും നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ആളുകളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നത് ഭാരിച്ച ഉത്തരവാതിത്തമാണ്, അതിനെ നിസാരമായി കാണാനാകില്ലെന്നും സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ മറ്റുള്ളവരോടൊപ്പം പങ്കാളിയാകണമെന്നും ഊബര്‍ ഇന്ത്യ സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു. ബ്രേക്ക്ത്രൂ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ബോധവല്‍ക്കരണത്തിനായി വലിയ ഫണ്ടാണ് ഊബര്‍ ഏല്‍ക്കുന്നതെന്നും സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് അവരില്‍ നിന്നും ഉപദേശങ്ങള്‍ തേടുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

TAGS: Uber |