ലിസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മന്ത്രി ഷൈലജ ടീച്ചറിന് ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാര്‍ഡ്

Posted on: January 4, 2020


കോതനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം ഏര്‍പ്പെടുത്തിയ 2019ലെ ലിസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡുകള്‍. ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചറിനാണ് ലൈഫ് എന്റിച്ച്‌മെന്റ് അവാര്‍ഡ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നതിലും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളും നവീന പദ്ധതികളും സജീവമായ സാമൂഹ്യ ഇടപെടലുകളും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമാണ് ഷൈലജ ടീച്ചറിനെ ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാര്‍ഡിന് അര്‍ഹയാക്കിയത്.

ലിസ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡിന് മുവാറ്റുപുഴയിലെ ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് സ്ഥാപകനും എം ഡിയുമായ ജോണ്‍ കുര്യാക്കോസ് അര്‍ഹനായി. ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ സമഗ്രസംഭാവനകളും ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി കോടികളുടെ ബിസിനസ് മൂല്യത്തില്‍ എത്തി നില്‍ക്കുന്ന മാതൃകാപരമായ എന്റര്‍പ്രണര്‍ഷിപ്പും ഡെന്റല്‍ ടെക്‌നോളജി മേഖലയില്‍ അന്താരാഷ്ട്രതലത്തില്‍ നല്‍കിയ സംഭാവനകളുമാണ് ജോണ്‍ കുര്യാക്കോസിനെ ലിസ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മാധ്യമ മേഖലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ശ്രദ്ധേയവും സവിശേഷവുമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഏര്‍പ്പെടുത്തിയ ലിസ മീഡിയ അവാര്‍ഡിന് മലയാള മനോരമയുടെ തൃശൂര്‍ ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ സന്തോഷ് ജോണ്‍ തൂവല്‍ അര്‍ഹനായി. മലയാള മനോരമയുടെ’ ഞായറാഴ്ച’യില്‍ പ്രസിദ്ധീകരിച്ച ‘റപ്പായി ഈ വീടിന്റെ ഐശ്വര്യം ‘ എന്ന ഫീച്ചറാണ് ലിസ മീഡിയ അവാര്‍ഡിന് സന്തോഷ് ജോണ്‍ തൂവലിനെ അര്‍ഹനാക്കിയത്. തൃശൂര്‍ അവിണിശ്ശേരി കാട്ടൂക്കാരന്‍ കുടുംബം ജന്മനാ ഓട്ടിസം ബാധിച്ച റപ്പായിയെ കാരണവര്‍ സ്ഥാനം കൊടുത്ത് അഭിമാനത്തോടെ പരിചരിക്കുന്നതാണ് ഫീച്ചറിന്റെ വിഷയം. ഈ ഫീച്ചര്‍ പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠൃപദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂരിലുള്ള ലിസ കാമ്പസില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ലിസ ഓട്ടിസം സ്‌കൂള്‍ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റര്‍, മിനു ഏലിയാസ് എന്നിവര്‍ അറിയിച്ചു.