ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യ 2019

Posted on: January 16, 2019

കൊച്ചി : രണ്ടാമത് ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യ (എല്‍ഡിഎഐ) 2019 വിജയികളെ പ്രഖ്യാപിച്ചു. 12 വിഭാഗങ്ങളിലായി നല്‍കിയ അവാര്‍ഡുകളില്‍ പ്രധാനപ്പെട്ടവയെല്ലാം ഇന്ത്യന്‍ ഡിസൈനര്‍മാര്‍ സ്വന്തമാക്കി. എല്‍ഡിഎഐയ്ക്കു ലഭിച്ച 557 എന്‍ട്രികളില്‍ നിന്നും ജൂറിയുടെ പ്രത്യേക അവാര്‍ഡും പ്രഖ്യാപിച്ചു. 2018 സെപ്റ്റംബറിലാണ് ലെക്സസ് ഇന്ത്യ അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചത്. 12 വിഭാഗങ്ങളിലെ വിജയികള്‍ക്കും ജൂറി അവാര്‍ഡ് സ്വന്തമാക്കിയവര്‍ക്കും മൈക്കല്‍ ഫോലെ രൂപകല്പന ചെയ്ത ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യ ട്രോഫികള്‍ ലഭിക്കും.

ആഷിഷ് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഡിസൈന്‍ വ്യവസായ രംഗത്തെ പ്രമുഖരാണ് എല്‍ഡിഎഐ 2019ന്റെ വിധികര്‍ത്താക്കള്‍. 2019 പൂനെ ഡിസൈന്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കും. വിജയിച്ച രൂപകല്പനകള്‍ ലെക്സസ് ഇന്ത്യ ഡിജിറ്റല്‍ മീഡിയയിലും ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്ററുകളിലും പ്രചരിപ്പിക്കും. ഓപ്പണ്‍, സ്റ്റുഡന്റ്സ് വിഭാഗങ്ങളിലെ വിജയികള്‍ക്ക് മിലാന്‍ ഡിസൈന്‍ വീക്കിലെ  ലെക്സസ് ഡിസൈന്‍ പരിപാടിയിലേക്ക് ക്ഷണം ലഭിക്കും.

മികച്ച പ്രതിഭകളുണ്ടെന്ന തിരിച്ചറിവിലാണ് 2018 -ല്‍ ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചതെന്നും ഇവര്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നെന്നും എന്‍ട്രികളുടെ റേഞ്ചും നൂതനമായ രൂപകല്പനകളും ഇത് ശരിയാണെന്ന് തെളിയിച്ചെന്നും രൂപകല്പനയിലെ ഇന്ത്യയുടെ ഭാവിയില്‍ ആവേശഭരിതരാണെന്നും രാജ്യത്തെ ഈ കഴിവു വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ലെക്സസ് ഇന്ത്യ പ്രസിഡന്റ് പി.ബി.വേണുഗോപാല്‍ പറഞ്ഞു.

നല്ലൊരു നാളേയ്ക്കുള്ള രൂപകല്പന എന്നതായിരുന്നു എല്‍ഡിഎഐ 2019ന്റെ ആശയം. സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകണം രൂപകല്പനയുടെ ഫലപ്രാപ്തിയെന്ന് ലെക്സസ് വിശ്വസിക്കുന്നു. ലെക്സസ് ബ്രാന്‍ഡിന്റെ മുഖമുദ്രയായ രൂപകല്പനയിലെ സൗന്ദര്യവും മികവും നൂതന സാങ്കേതിക വിദ്യയും പുറത്തുകൊണ്ടു വരുന്നതാണ് ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യ. പ്രതീക്ഷ, നവീനം, വശ്യം എന്നിവയാണ് ലെക്സസിന്റെ അടിസ്ഥാന തത്വങ്ങള്‍.

സുഖം, ആഡംബരം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുനല്‍കുന്ന രൂപകല്പനയിലാണ് ലെക്സസ് ബ്രാന്‍ഡ് പടുത്തുയര്‍ത്തിയിട്ടുള്ളത്. ഇത് പുതുതലമുറ ഡിസൈനര്‍മാരിലേക്ക് എത്തിക്കുകയാണ് ലെക്സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യയിലൂടെയെന്നും ഡിസൈനര്‍മാരില്‍ നിന്നും ലഭിച്ച സ്വീകരണവും എന്‍ട്രികളുടെ നിലവാരവും ആവേശം കൊള്ളിക്കുന്നുവെന്നും ഡിസൈനര്‍മാരെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ലെക്സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍.രാജ പറഞ്ഞു.