വ്യാപാർ 2017 ലോഗോ പ്രകാശനവും ചെയ്തു

Posted on: October 30, 2016

vyapar-2017-logo-release-bi

തിരുവനന്തപുരം : കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊച്ചിയിൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊച്ചി ബോൾഗാട്ടി പാലസിൽ ഫെബ്രുവരി രണ്ടു മുതൽ നാലു വരെ സംഘടിപ്പിക്കുന്ന മീറ്റിന് വ്യാപാർ 2017 എന്ന നാമകരണവും പിണറായി വിജയൻ നിർവഹിച്ചു.

ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈൽസ്, തുണിത്തരങ്ങൾ, ഫാഷൻ ഡിസൈനിംഗ്, ഫർണിഷിങ്, റബർ-കയർ, കരകൗശലം, ആയുർവേദം, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കാനാണ് വ്യാപാർ 2017 നടത്തുന്നത്. ലോഗോ പ്രകാശനച്ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, കെഎസ്‌ഐഡിസി എംഡി ഡോ എം ബീന, വ്യവസായ-വാണിജ്യ ഡയറക്ടർ പി എം ഫ്രാൻസിസ്, കെ ബിപ് സിഇഒ വി. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

വ്യാപാർ 2017 ൽ പങ്കാളികളാകുന്ന സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയാണ് തെരഞ്ഞെടുക്കുന്നത്. ബയർമാർ മീറ്റിൽ പങ്കെടുക്കാനായി വ്യാപാർ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.keralabusinessmeet.org വഴി റജിസ്റ്റർ ചെയ്യണം. ഫിക്കി(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി)യാണ് വ്യാപാർ 2017 ന്റെ വ്യവസായ-വാണിജ്യ പങ്കാളി. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ്, ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്റ്റൈൽ ഡയറക്ടറേറ്റ്, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാർ 2017 സംഘടിപ്പിക്കുന്നത്. മേളയുടെ മുഖ്യ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷ (കെ-ബിപ്) നാണ്.