ഇസി ഇന്ത്യയും പിന്നക്കിൾ കോർപറേഷനും ധാരണയിൽ

Posted on: November 24, 2015

ESY-India-POS-Printers-chn-

കൊച്ചി : തായ്‌വാൻ ആസ്ഥാനമായ പി ഒ എസ് പ്രിന്റേഴ്‌സ് ആൻഡ് സൊല്യൂഷൻസ് ഉത്പന്ന നിർമാതാക്കളായ പിന്നക്കിൾ ടെക്‌നോളജി കോർപറേഷൻ ഇന്ത്യൻ വിപണിയിലേക്ക്. പ്രിന്റിംഗ് ഇങ്ക് ഡീലർമാരായ ഇസി ഇന്ത്യയുമായി സഹകരിച്ചാണ് പിന്നക്കിൾ ഇന്ത്യയിലെത്തുന്നത്. 150 എം എം, 250 എം എം വേഗതയുള്ള 2 ഇസിയക്ലാസ് പി ഒ എസ് പ്രിന്ററുകളാണ് പുതിയ സംയുക്ത സംരംഭം വിപണിയിൽ അവതരിപ്പിക്കുന്നത്.

ഓട്ടോ പേപ്പർ കട്ടർ, ബിൽറ്റ് ഇൻ സീരിയൽ, യു എസ് ബി പോർട്ട്, കസ്റ്റമർ ഡിസ്‌പ്ലേ യൂണിറ്റ്, കാഷ് ഡ്രോവർ എന്നിവയാണ് പുതിയ പ്രിന്ററുകളുടെ സവിശേഷതകൾ. വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവുമുണ്ട്. മുകളിലത്തെ കവറിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടോ പേപ്പർ കട്ടർ നൂതന സംവിധാനമാണ്. പേപ്പർ പ്രിന്ററിൽ കുടുങ്ങുന്നത് തടയാൻ ഇത് സഹായിക്കും. ഇതിലെ പേറ്റന്റുള്ള ഒബ്ലിക് പേപ്പർ സെൻസർ പ്രിന്റർ, ഡെസ്‌ക്ടോപ്പിലോ ടേബിളിനു താഴെയോ ചുവരിലോ എവിടെ വേണമെങ്കിലും സ്ഥാപിക്കാം. ആൻഡ്രോയ്ഡ് അടിസ്ഥാനമായ ഫിസ്‌ക്കൽ പ്രിന്ററും ക്ലൗഡ് സേവനങ്ങളും ഇസിയക്ലാസ് ഉടൻ വിപണിയിലിറക്കും.

വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി പിന്നക്കിൾ കോർപറേഷനുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഇസി ഇന്ത്യ സി.ഇ.ഒ വി പി സജീവൻ അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് പിന്നക്കിൾ എക്ക്‌ലാസ് എന്ന സ്വന്തം ബ്രാൻഡിൽ ഉത്പന്നങ്ങൾ വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൻപതിനായിരത്തിലേറെ ഉപഭോക്താക്കളാണ് കേരളത്തിൽ മാത്രം ഇസി ഇങ്ക് ഉപയോഗിക്കുന്നതെന്നും സജീവൻ പറഞ്ഞു. 2017 ഓടെ ഒന്നാം സ്ഥാനത്തെത്തുന്ന ബ്രാൻഡായി മാറുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.