സുധീന്ദ്രാ മെഡിക്കൽ മിഷനും സ്പാരോ കാർസണും തമ്മിൽ ധാരണ

Posted on: October 6, 2015

Shree-Sudheendra-Dr-Adam-Cl

കൊച്ചി : പ്രശസ്ത സന്ധിമാറ്റിവയ്ക്കൽ  ശസ്ത്രക്രിയ വിദഗ്ദ്ധൻ അമേരിക്കയിലെ ഡോ. ആദം ഇസഡ് കോട്ടിന്റെ നേതൃത്വത്തിലുള്ള മിഷിഗണിലെ സ്പാരോ കാർസൺ ആശുപത്രിയും ശ്രീ സുധീന്ദ്രാ മെഡിക്കൽ  മിഷൻ ആശുപത്രിയും തമ്മിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് സഹകരണ കരാർ ഒപ്പുവച്ചു. മുട്ട് മാറ്റിവയ്ക്കൽ രംഗത്തെ ഏറ്റവും നൂതന കണ്ടുപിടുത്തമായ ഫ്രീഡം നീ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും യോജിച്ചതാണെന്നും, ഇന്ത്യയിലെ രോഗികൾക്ക് ലഭ്യമാക്കുന്നതിൽ  അതിയായ സന്തോഷമുണ്ടെന്നും ഡോ. ആദം പറഞ്ഞു.

അമേരിക്കയിൽ രോഗാരംഭത്തിൽ തന്നെ ചികിത്സ തേടുന്നതിനാൽ മുട്ട് മാറ്റിവയ്ക്കലിന്റെ ആവശ്യകത തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഓപറേഷൻ തീയറ്ററിൽ ഡോ. ആദത്തിന്റെ നേത്യത്വത്തിൽ
അരങ്ങേറിയ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കോൺഫറൻസ് ഹാളിൽ സന്നിഹിതരായിരുന്ന വിവിധ ആശുപത്രികളിലെ ഓർത്തോപീഡിക്ക് സർജൻമാർക്ക്, വീഡിയോ ടെലികാസ്റ്റ് വഴി വീക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു. ഡോ. ആദവുമായി സംവദിക്കുന്നതിനും സാധിച്ചു. ഡോ. ആദത്തിന്റെ നേത്യത്വത്തിൽ സർജൻമാർക്ക് ഏകദിന പ്രൈമറി ആർത്രോപ്ലാസ്റ്റിക് കോഴ്‌സും നടത്തി.

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി പ്രമാണിച്ച് 90 നിർദ്ധനരായ രോഗികൾക്ക് സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് കരാർ. ചടങ്ങിൽ ശ്രീ സുധീന്ദ്രയിലെ ഓർത്തോപീഡിക്ക് സർജൻ ഡോ. വിനോദ് പത്മനാഭൻ, മെഡിക്കൽ ഡയറക്ടർ ഡോ. എം. ഐ. ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു എന്നിവർ പങ്കെടുത്തു.