വായ്പാ വിതരണത്തിന് മഹീന്ദ്ര ഫിനാന്‍സ് – എസ്ബിഐ സഹകരണം

Posted on: November 2, 2023

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുമായി ചേര്‍ന്ന് വായ്പാ വിതരണത്തിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണം എന്‍ബിഎഫ്‌സികളുടെ വായ്പാ വിതരണ സംവിധാനം ശക്തിപ്പെടുത്തുകയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ വായ്പാ ലഭ്യതയും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കുകയും ചെയ്യും. അഖിലേന്ത്യാ തലത്തില്‍ ആരംഭിച്ച ഈ പങ്കാളിത്തം മഹീന്ദ്ര ഫിനാന്‍സ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഫിനാന്‍സിന്റെ നിയുക്ത എംഡിയും സിഇഒയുമായ റൗള്‍ റെബെല്ലോ, എസ്ബിഐ (എംഎസ്എംഇ) സിജിഎം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മഹീന്ദ്ര ഫിനാന്‍സ് വിസിയും എംഡിയുമായ രമേഷ് അയ്യരും എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടു. സാമ്പത്തിക സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ വായ്പാ വിതരണത്തില്‍ പലിശ നിരക്കുകള്‍ ഉപയോക്താവിന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. ഇത് വ്യക്തിഗതവും കൂടുതല്‍ മത്സരാടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സേവനാനുഭവം ലഭ്യമാക്കും.

ഈ സഹകരണം സാമ്പത്തിക സേവന ലഭ്യതയും ഉള്‍ക്കൊള്ളലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ ചുവടുവെയ്പാണെന്നും ഇതിലൂടെ അതിവേഗം വളരുന്ന ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവന പങ്കാളിയാകാനുള്ള തങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുമെന്നും റൗള്‍ റെബെല്ലോ അഭിപ്രായപ്പെട്ടു.