ക്രിപ്‌റ്റോ നിക്ഷേപ സംവിധാനമായ ജിയോറ്റസിന്റെ ഉപഭോക്താക്കള്‍ പത്തു ലക്ഷം കടന്നു

Posted on: April 13, 2022

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ക്രിപ്‌റ്റോ നിക്ഷേപ സംവിധാനമായ ജിയോറ്റസ് തങ്ങളുടെ നാലാം വാര്‍ഷികത്തിനു മുന്‍പായി പത്തു ലക്ഷം നിക്ഷേപകരെന്ന നാഴികക്കല്ലു പിന്നിട്ടു. ഇന്ത്യയില്‍ ഈ മേഖലയില്‍ പത്തു ലക്ഷം നിക്ഷേപകരെന്ന നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാണ് ജിയോറ്റസ്.

2017 നവംബറില്‍ സ്ഥാപിക്കപ്പെട്ട ജിയോറ്റസ് 2018 ഏപ്രിലിലാണ് ട്രേഡു ചെയ്യാനായി ലഭ്യമായത്. ഹിന്ദി, തമിഴ്, തെലുഗു തുടങ്ങിയ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള രാജ്യത്തെ ഏക വിവിധ ഭാഷാ ക്രിപ്‌റ്റോ നിക്ഷേപ സംവിധാനമാണ് ചെന്നൈ ആസ്ഥാനമായുള്ള ജിയോറ്റസ്. പ്രാദേശിക മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നതു മൂലം ചെറുപട്ടണങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കാനായിട്ടുണ്ട്. ജിയോറ്റസിന്റെ ഉപഭോക്തൃ നിരയില്‍ 60 ശതമാനത്തിലേറെയും ചെറു പട്ടണങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലെ ബ്ലോക്ക്‌ചെയിന്‍ ആന്റ് ക്രിപ്‌റ്റോ അസറ്റ്‌സ് കൗണ്‍സിലിലെ ആദ്യ അംഗങ്ങളിലൊന്നായ ജിയോറ്റസ് ഈ മേഖലയിലെ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പിന്തുടരുന്നുണ്ട്. പൂര്‍ണ കെവൈസി, ഇടപാടുകളുടെ നിരീക്ഷണം തുടങ്ങിയവയില്‍ ഇതു ദൃശ്യമാണ്.

വിവിധ പ്രാദേശിക ഭാഷകളില്‍ നല്‍കുന്ന മികച്ച ഉപഭോക്തൃ പിന്തുണ ക്രിപ്‌റ്റോ മേഖലയിലെ പ്രിയപ്പെട്ടതും വിശ്വസനീയവുമായ പേര് എന്ന നിലയിലെത്താന്‍ ജിയോറ്റസിനെ സഹായിച്ചിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിക്രം സുബ്ബുരാജ് പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സമ്പത്തു സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സമഗ്രമായ നിക്ഷേപ പദ്ധതികള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ ക്രിപ്‌റ്റോ മേഖല വരും വര്‍ഷങ്ങളില്‍ വളര്‍ച്ചയും പക്വതയും കൈവരിക്കുമെന്നും നവീനമായ സംവിധാനങ്ങളുമായി ജിയോറ്റസ് മുന്‍നിരയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Giottus |