ചെറുകിട വ്യാപാരികള്‍ക്ക് സഹായമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

Posted on: January 22, 2021

കൊച്ചി : കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ‘ഷോപ്പിംഗ് ധമാക്ക’യിലൂടെ കേരളത്തില്‍ നിന്ന് 25,000-ത്തിലേറെ ചെറുകിട വ്യാപാരികള്‍ നേട്ടമുണ്ടാക്കി.

ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും സ്ഥാപനങ്ങളിലെത്തുന്നവരെ കൂടുതല്‍ പര്‍ച്ചേസിന് പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘ഷോപ്പിംഗ് ധമാക്ക’ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സംഘടിപ്പിച്ചത്. 15 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇതുവരെ ധമാക്കയില്‍ പങ്കെടുത്തത്.

ഹോണ്ട ഡിയോ സ്‌കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, എല്‍.ഇ.ഡി. ടി.വി.കള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ആറു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ധമാക്കയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പുകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നതെന്ന് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.