മുത്തൂറ്റ് ഫിന്‍കോര്‍പ് കടപ്പത്രങ്ങളിലൂടെ 400 കോടി സമാഹരിക്കും

Posted on: January 2, 2021

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ (എന്‍.സി.ഡി.) പുറത്തിറക്കി 400 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. 200 കോടി രൂപ അധിക സമാഹരണ സാധ്യതയോടെയാണ് മൊത്തം 400 കോടി രൂപ ലക്ഷ്യമിടുന്നത്.

സമാഹരിക്കുന്ന ഫണ്ടുകള്‍ പ്രാഥമികമായി പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ വായ്പ നല്‍കുന്നതിനും ഉപയോഗിക്കും. മൊത്തം എന്‍.സി.ഡി.കള്‍ 1,500 കോടി രൂപയായി ഉയര്‍ത്താന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം 2020 സെപ്റ്റംബര്‍ 28-ന് ആരംഭിച്ച് ഒക്ടോബര്‍ 23-ന് അവസാനിച്ചു.

ഇപ്പോള്‍ നിലവിലുള്ളതും 2021 ജനുവരി 25-ന് അവസാനിക്കുന്നതുമായ രണ്ടാം ഘട്ടത്തില്‍ കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും കുറഞ്ഞ ടിക്കറ്റ് വലിപ്പം 10,000 രൂപയുമായിരിക്കും.

27 മാസം, 38 മാസം, 60 മാസം എന്നിങ്ങനെയുള്ള സെക്യൂര്‍ഡ് എന്‍.സി.ഡി. ആയും 72 മാസമുള്ള അണ്‍ സെക്യൂര്‍ഡ് എന്‍.സി.ഡി. ആയും ആറു സ്‌കീമുകള്‍ ഉണ്ടാകും. 8.25 മുതല്‍ 9.40 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇഷ്യുവിന് ക്രിസില്‍ എ/സ്റ്റേബിള്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സമ്പദ്ഘടന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ വിപണിയിലേക്കുള്ള വായ്പാ ആവശ്യകത കൂടുമെന്നും അതിന് കൂടുതല്‍ പ്രവര്‍ത്തന മൂലധനം ആവശ്യമായതിനാലാണ് പുതിയ എന്‍.സി.ഡി. പുറത്തിറക്കുന്നതെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.