മണപ്പുറം ഫിനാൻസ് വിദേശ ബോണ്ട് വഴി 30 കോടി ഡോളർ സമാഹരിച്ചു

Posted on: January 9, 2020

കൊച്ചി : മണപ്പുറം ഫിനാൻസ് വിദേശ ബോണ്ടിലൂടെ 30 കോടി ഡോളർ സമാഹരിച്ചു. 5.90 ശതമാനം വാർഷിക പലിശ നിരക്കിൽ മൂന്ന് വർഷം കാലാവധിയുള്ള ബോണ്ടുകളാണ് മണപ്പുറം വിദേശ വിപണിയിലിറക്കിയത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യുറോപ്പ്, ആഫ്രിക്ക വിപണികളെ ലക്ഷ്യമിട്ട് ആദ്യമായാണ് മണപ്പുറം വിദേശ ബോണ്ടുകൾ ഇറക്കുന്നത്. സമാഹരിച്ച തുക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വായ്പ അടക്കമുള്ള ധനകാര്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കും.

പ്രമുഖ സ്വർണവായ്പാ സ്ഥാപനമായ മണപ്പുറം നിക്ഷേപകരെ ആകർഷിക്കാനായി നേരത്തെ ഹോങ്കോങ്, സിംഗപ്പൂർ, ലണ്ടൻ എന്നീ നഗരങ്ങളിൽ റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടക്കത്തിൽ 6.25 ശതമാനമായിരുന്നു പലിശ നിരക്ക്. വൻകിട നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ച് വന്നതോടെ നിരക്ക് 5.90 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. മണപ്പുറത്തിന്റെ വിദേശ ബോണ്ടുകൾ സിംഗപ്പൂർ എക്‌സ്‌ചേഞ്ച് സെക്യൂരിറ്റീസ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഇന്റർനാഷണൽ സെക്യൂരിറ്റി മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും.

രാജ്യാന്തര നിക്ഷേപകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണവും ആഗോള രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും ആകർഷകമായ മൂല്യം നൽകാൻ കഴിഞ്ഞതും ഞങ്ങളുടെ ബിസിനസ് മാതൃകയുടെ അടിസ്ഥാനപരമായ ശക്തിയാണ് കാണിക്കുന്നതെന്ന് മണപ്പുറം എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.