ഡോളര്‍ വസ്‌ത്രോത്പാദന കേന്ദ്രത്തില്‍ നാല് മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു

Posted on: October 10, 2020

തിരുപ്പൂര്‍ :  വസ്ത്രനിര്‍മ്മാതാക്കളായ ഡോളര്‍ ഇന്‍ഡസ്ട്രീസിന്റെ തിരുപ്പൂരിലെ ഉത്പാദന കേന്ദ്രത്തില്‍ നാല് മെഗാ വാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു. കമ്പനിയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ ഗ്രീന്‍ മിഷന്റെ ഭാഗമായാണ് പ്രതി വര്‍ഷം 75 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചത്. ചിലവ് ചുരുക്കുക എന്നതിനു പുറമെ തിരുപ്പൂരിലെ സ്പിന്നിംഗ് യൂണിറ്റിനെ വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

കോട്ടണ്‍ നൂല്‍ നിര്‍മാണത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ശതമാനവും ഈ സൗരോജ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കും. ഇതുവഴി പ്രതിദിനം 9000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളലും ഒഴിവാകും. പരിസ്ഥിതി സൗഹൃദമായ വ്യവസായം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ സൗരോര്‍ജ സംരംഭമെന്ന് ഡോളര്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് ഗുപ്ത പറഞ്ഞു.