കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഗോദ്റെജ് ക്യാമ്പയിന്‍

Posted on: July 30, 2020


കൊച്ചി: കണ്ടല്‍ക്കാടുകളുടെ സംരക്ഷണ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന രാജ്യവ്യാപക ക്യാമ്പയിനുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ് ലിമിറ്റഡ്. കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) ഇന്ത്യയുമായി സഹകരിച്ച് മാജിക്കല്‍ മാന്‍ഗ്രോവ്സ് എന്ന പേരിലുള്ള ക്യാമ്പയിന്‍ അവതരിപ്പിച്ചത്. കേരളം, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ എട്ടു സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും.

പ്രകൃതി സംരക്ഷണത്തില്‍ കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയും സന്നദ്ധപ്രവര്‍ത്തകരാകാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വോളണ്ടിയര്‍മാര്‍, ആറുമാസ കാലയളവില്‍ വെബിനാര്‍, ഫിലിം സ്‌ക്രീനിങ്, ഓണ്‍ലൈന്‍ ക്വിസ്, ഡിജിറ്റല്‍ സ്റ്റോറിടെല്ലിങ് സെഷനുകള്‍ എന്നിവയുടെ ഭാഗമാകും. പതിറ്റാണ്ടുകളായി മുംബൈ വിക്രോലിയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളിലൊന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ വെറ്റ് ലാന്‍ഡ് മാനേജ്മെന്റ് സര്‍വീസസ് ടീം സംരക്ഷിക്കുന്നുണ്ട്. മാന്‍ഗ്രോവ്സ് എന്ന പേരില്‍ കണ്ടല്‍കാടുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷനും നേരത്തെ പുറത്തിറക്കിയിരുന്നു.

കണ്ടല്‍ക്കാടുകളെ സംരക്ഷിക്കുന്നതിന് ഡബ്ല്യുഡബ്ല്യുഎഫുമായുള്ള പങ്കാളിത്ത സംരംഭം ഞങ്ങളുടെ ശക്തിയെ കൂടുതല്‍ സമന്വയിപ്പിക്കുകയും സമൂഹത്തെ ബോധവത്കരിക്കുന്നതിന് ഫലപ്രദമായി സഹായിക്കുകയും ചെയ്യുമെന്ന് സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡോ. ഫെറോസ ഗോദ്റെജ് പറഞ്ഞു. മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിലും നമ്മുടെ തീരങ്ങളുടെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിലും കണ്ടല്‍ക്കാടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ സിഇഒയും സെക്രട്ടറി ജനറലുമായ രവി സിംഗ് അഭിപ്രായപ്പെട്ടു.