300 എപിസോഡുകള്‍ പിന്നിട്ട് ചെമ്പരത്തി

Posted on: November 19, 2019

കൊച്ചി: സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ചെമ്പരത്തി 300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ സീരയല്‍ ഇതിനകം തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സീ കേരളം ചാനലിന്റെ തുടക്കം മുതല്‍ ചെമ്പരത്തി സംപ്രേക്ഷണം ചെയ്തു വരുന്നു.

സ്ത്രീ ആധിപത്യമുള്ള ഒരു സമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന നിഷ്‌കളങ്കയായ കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയാണ് കുടംബനാഥ. ഇവരുടെ മൂത്ത മകനുമായി കല്യാണി പ്രണയത്തിലാകുന്നു. ഈ പ്രണയ ബന്ധം ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു വേലക്കാരിയുടേയും ഒരു സമ്പന്ന കുടുംബത്തിന്റേയും വര്‍ഗ സമരമാണ് ചെമ്പരത്തി പറയുന്നത്. ഇത്തരത്തില്‍ ഗൗവരമേറിയ ഒരു വിഷയം മലയാളത്തില്‍ ആദ്യമായാണ് ഒരു ടിവി ചാനല്‍ സീരിയലായി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചെമ്പരത്തിക്കുണ്ട്.

നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം. 300 എപിസോഡുകള്‍ പിന്നിട്ടു മുന്നേറുന്ന എന്നത് മലയാളി പ്രേക്ഷകര്‍ ഈ സീരിയലിന്റെ സവിശേഷ അവതരണത്തെ സ്വീകരിച്ചു എന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയുടെ വേഷത്തിലെത്തുന്നു. സ്മാര്‍ടായ ഒരു കഥാപാത്രത്തെ ഈ സീരിയലിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സന്തോഷമുണ്ടെന്നും അമല പറഞ്ഞു. കല്യാണിയും അച്ഛനും തമ്മിലുള്ള ബന്ധമാണ് മലയാളി പ്രേക്ഷകരെ ഈ സീരിയലിനോട് അടുപ്പിച്ചതെന്നും അമല പറഞ്ഞു.

ജനപ്രിയ തെന്നിന്ത്യന്‍ നടി ഐശ്വര്യയാണ് അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കുന്നത്. സ്റ്റെബിന്‍ ജേക്കബ്, യവനിക ഗോപാലകൃഷ്ണന്‍, പ്രബിന്‍, ശ്രീപത്മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്കാണ് സംപ്രേക്ഷണം.

TAGS: Zee Keralam |