ടാറ്റ ക്ലാസ്എഡ്ജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി സ്റ്റഡി ആപ് പുറത്തിറക്കി

Posted on: June 16, 2021

കൊച്ചി : ടാറ്റ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടാറ്റ ക്ലാസ്എഡ്ജ് സ്റ്റഡി എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേണിംഗ് ആപ് അവതരിപ്പിച്ചു. ആസൂത്രണം, പ്രയോഗം, ആശയം എന്നിവയില്‍ നൈപുണ്യം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ്.

എന്താണ് പഠിക്കേണ്ടത് എന്നതിനല്ല, എങ്ങനെയാണ് പഠിക്കേണ്ടത് എന്നതിന് പ്രാധാന്യം നല്കുന്നതും സ്വതന്ത്രമായി പഠനം നടത്താന്‍ സഹായിക്കുന്നതിനായാണ് സ്റ്റഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ ക്ലാസ്എഡ്ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിലിംഗ് ഷഹെയ്ന്‍ പറഞ്ഞു.

സ്റ്റീഫന്‍ കോവീയുടെ സ്വതന്ത്രമായ പഠനത്തിനുള്ള ഏഴ് രീതികളാണ് സ്റ്റഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പഠനത്തിനായി ലക്ഷ്യങ്ങള്‍ തീരുമാനിക്കുക, വലിയ ആശയത്തെ മനസിലാക്കുക, ആവര്‍ത്തിക്കുക, അഭ്യസിക്കുക, അഭ്യസനത്തിനുള്ള അവസരങ്ങള്‍ തമ്മില്‍ അകലം പാലിക്കുക, പരിശോധിക്കുക, പുരോഗതി വിലയിരുത്തുക എന്നിവയാണ് അവ.

കാണാപ്പാഠം പഠിക്കുന്നതിനും അര്‍ത്ഥമറിയാതെ ഉരുവിടുന്നതിനും പകരം വിവിധ വിഷയങ്ങളിലെ പഠനം ആസൂത്രണം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനും ക്രമമായി പഠിച്ചെടുക്കുന്നതിനും ഫലപ്രദമായി പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും സഹായിക്കുന്നതാണ് സ്റ്റഡി എന്ന് ഷഹെയ്ന്‍ പറഞ്ഞു. ഫലപ്രദമായ പഠനത്തിനു പിന്നില്‍ ഒരു ശാസ്ത്രമുണ്ടെന്നും ഇതിലെ ഏറ്റവും മികച്ച തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റഡി രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡാപ്റ്റീവ് പ്ലാനറാണ് സ്റ്റഡിയെ വേറിട്ടു നിര്‍ത്തുന്നത്. ഒരു കുട്ടി എത്ര സമയം ഒരു വിഷയത്തില്‍ ചെലവഴിക്കണം, അടുത്ത ക്ലാസ് പരീക്ഷയ്ക്കായി എങ്ങനെ തയാറെടുക്കണം, ഏതു വിഷയത്തിനാണ് കൂടുതല്‍ സമയം കൊടുക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങളെല്ലാം പരിഗണിക്കുകയും പഠനലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഫലപ്രദമായ രീതിയില്‍ പഠനം ക്രമീകരിക്കുകയുമാണ് സ്റ്റഡി ചെയ്യുന്നതെന്ന് ഷഹെയ്ന്‍ പറഞ്ഞു.

ബിഗ് ഐഡിയ ആണ് ഈ ആപിന്റെ മറ്റൊരു സവിശേഷത. ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തില്‍ ഒരു അദ്ധ്യായത്തിലുള്ള പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ ആണിത്. ഒരു കാര്യം പഠിക്കണം എന്നു പറയുമ്പോള്‍ പല കുട്ടികളും ചോദിക്കുന്ന ചോദ്യമാണ് എന്തിനാണ് ഇക്കാര്യം പഠിക്കുന്നത് അല്ലെങ്കില്‍ ഇതുകൊണ്ട് എന്താണ് പ്രയോജനം എന്നത്. ബിഗ് ഐഡിയ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്.

ഓരോ വിഷയത്തിനുമൊപ്പം അഭ്യാസത്തിനായുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയ്ക്കും ശേഷം ആവര്‍ത്തിക്കുന്നതിനാല്‍ ഈ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ കുട്ടികള്‍ക്കാവും. ഇതിനുപുറമെ സ്വയം ചെയ്യാന്‍ കഴിയുന്ന പരീക്ഷകളും ഇടവിട്ടിടവിട്ട് നല്കിയിരിക്കുന്നു. ഓരോ ഘട്ടത്തിലും കുട്ടികളുടെ ആത്മവിശ്വാസം അളക്കുന്നതിനാണ് ഇത്.

ദേശീയ, സംസ്ഥാന ബോര്‍ഡുകളിലേയ്ക്ക് അഫിലിയേറ്റ് ചെയ്ത ഇന്ത്യന്‍ സ്‌കൂളുകള്‍ക്കായി ടെക്സ്റ്റ്ബുക്ക് മാപ്പ്ഡ് കണ്ടന്റ് ആദ്യമായി അവതരിപ്പിച്ചത് ടാറ്റ ക്ലാസ്എഡ്ജ് ആയിരുന്നു. പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷികത്തില്‍ ടാറ്റ ക്ലാസ്എഡ്ജിന്റെ ക്ലാസ്‌റൂം സൊല്യൂഷനുകള്‍ രണ്ടായിരത്തോളം സ്‌കൂളുകളിലായി 1,50,000 അദ്ധ്യാപകരും 1.7 ദശലക്ഷം വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.tatastudi.com

TAGS: Tata Class Edge |