വേദിക് ഐഎഎസ് അക്കാദമി തിരുവനന്തപുരത്ത് ഓഫ് കാമ്പസ് തുടങ്ങി

Posted on: February 6, 2021

തിരുവനന്തപുരം: വേദിക് ഐഎഎസ് അക്കാദമി തിരുവനന്തപുരത്ത് ഓഫ് കാമ്പസ് തുടങ്ങി. മെഡിക്കല്‍ കോളേജ് മുറിഞ്ഞപാലം എസ്എസ് പ്ലാസയില്‍ ആരംഭിച്ച ഓഫ് കാമ്പസിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. കേരളത്തില്‍ സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികള്‍ നടത്തുന്നത്. ഇത് വേദിക് ഐഎഎസ് അക്കാദമിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍.ജി.ഒ. റിസോള്‍വ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുന്‍ കൊളീജിയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറുമായ ശ്രീ. എം.നന്ദകുമാര്‍ റിട്ട.ഐ.എ.എസ് മുഖ്യാതിഥിയായി. തുറന്ന വായനയും സമകാലിക വിഷയങ്ങളിലുള്ള താല്പര്യവും കഠിനപ്രയത്‌നവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിവില്‍ സര്‍വീസ് പ്രാപ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ചു വേദിക് എറുഡൈറ്റ് ഫൗണ്ടേഷന്റെ വണ്‍ സ്‌കൂള്‍ വണ്‍ ഐഎഎസ് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നു കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ചു. രണ്ടു കുട്ടികള്‍ക്ക് ചടങ്ങില്‍ വെച്ച് തന്നെ സ്‌കോളര്‍ഷിപ് കൈമാറി.ആനയറ ഈശ വിശ്വ വിദ്യാലയത്തിലെ പത്താംക്ലാസ് വദ്യാര്‍ഥി ഡെവിന്‍, ചെമ്പഴന്തി എസ്എന്‍ കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി നവ്യ എം.എസ് എന്നിവരാണ് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങിയത്.

ധനലക്ഷ്മി ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ.ചന്ദ്രന്‍ എല്‍, നിലമ്പൂര്‍ കാട്ടുമുണ്‍ യുപി സ്‌കൂള്‍ അധ്യാപിക ശ്രീമതി. രാജശ്രീ എന്നിവരാണ് നവ്യയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍ റിട്ട.ജനറല്‍ മാനേജര്‍ ശ്രീ.എസ്.എസ് തമ്പിയാണ് ഡെവിനെ സ്‌പോണ്‍സര്‍ ചെയ്തത്. ഇതിനു പുറമേ വേദിക് ഐഎഎസ് അക്കാദമിയിലേക്ക് ഒരു വിദ്യാര്‍ഥിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സോണി ഡിസൈന്‍ എഞ്ചിനീയര്‍ ശ്രീ. ബാലചന്ദ്രന്‍ തയ്യാറായി.

വേദിക് ഐഎഎസ് അക്കാദമി മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീ.സൈമണ്‍ തരകന്‍, വേദിക് തിരുവനന്തപുരം ഓഫ് കാമ്പസ് സെന്റര്‍ ഡയറക്ടര്‍ ശ്രീമതി. ബി.എസ് വത്സല നായര്‍ എന്നിവര്‍ പങ്കെടുത്തു.