ഊര്‍ജമേഖലയെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞദമ്പതിമാര്‍

Posted on: February 1, 2020


ഹൈദരാബാദ് :  ഊര്‍ജമേഖലയെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ഹൈദരാബാദ് സ്വദേശികളായ ശാസ്ത്രജ്ഞദമ്പതിമാര്‍. ഡോ. ശ്രീനിവാസ് ഭാസ്‌കര്‍ ചാഗണ്ടിയും ഭാര്യ ബാല ചാഗണ്ടിയുമാണ് ഈ രംഗത്ത് നേട്ടം കൈവരിച്ചിരിക്കുന്നത്. ഫ്ളൈവീല്‍ പവര്‍ മള്‍ട്ടിപ്ലിക്കേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ഇവര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. യൂണിറ്റിന് കേവലം രണ്ടുരൂപ അമ്പത് പെസയോളം നിര്‍മാണചെലവുള്ള ഫ്ളൈവീല്‍ പവര്‍ മള്‍ട്ടിപ്ലിക്കേഷന്‍ സാങ്കേതികവിദ്യ വൈദ്യുതിമേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിതെളിക്കും.

മുപ്പത് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷമാണ് ദമ്പതികള്‍ വിജയം കണ്ടെത്തിയത്. 20000 മെഗാവാട്ട് ശേഷിവരെ ഉത്പാദിപ്പിക്കുവാന്‍ ശേഷിയുള്ള ഇരുനൂറില്‍ അധികം ഡിസൈനുകള്‍ ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പൂര്‍ണമായും പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യയിലൂടെയാണ് യന്ത്രസംവിധാനം പ്രവര്‍ത്തിക്കുന്നത്.

440 വോള്‍ട്ട് (ത്രീഫേസ്) വൈദ്യുതി ഉത്പാദിപ്പിക്കുവാൻ  ആവശ്യമായ യന്ത്രഘടകങ്ങള്‍ 12 വോള്‍ട്ടിന്റെ നാലു ബാറ്ററി, ഡിസി മോട്ടര്‍ (1 കെവി), 3 ഗിയര്‍ ബോക്സ്, ഫ്ളൈവീല്‍, എസി ഡൈനാമോ (1 കെവി – 10 കെവി) എന്നിവയാണ്. 48 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡിസി മോട്ടര്‍ ഒരു ഫ്ളൈവീല്‍ കറക്കുന്നു. ഫ്ളൈവീലിലെ ഇനേര്‍ഷ്യമൂലമുണ്ടാകുന്ന ശക്തി 10 കിലോവോള്‍ട്ടിന്റെ ഡൈനാമോ കറക്കി 440 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഡൈനാമോയില്‍ ലോഡ് കൂടുന്നതനുസരിച്ച് ഫ്ളൈവീലിന്റെ ആര്‍പിഎം നിയന്ത്രിതമായിരിക്കും.

ഡൈനാമോയില്‍നിന്ന് ലഭിക്കുന്ന വൈദ്യുതികൊണ്ടുതന്നെ ബാറ്ററികള്‍ ചാര്‍ജാകുന്നതിനാല്‍ ഇതിന്റെ പ്രവർത്തനം 24 മണിക്കൂറും ഇടതടവില്ലാതെ നടക്കും. ഈ പ്രണാലിയില്‍ ക്രമീകരിച്ചിരിക്കുന്ന മോട്ടോര്‍, ഗിയര്‍ബോക്സ്, ജനറേറ്റര്‍ എന്നിവ ചൂടാകാതിരിക്കാന്‍ കൂളിംഗ് സംവിധാനത്തോടെയാണ് ഘടിപ്പിക്കുന്നത്. ഫ്ളൈവീല്‍ പവര്‍ മള്‍ട്ടിപ്ലിക്കേഷന്‍ സംവിധാനം സ്ഥാപിക്കുവാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവരില്ല എന്നതാണ് ഈ സാങ്കേതികവിദ്യയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ഒരു മെഗാവാട്ടിന്റെ ഫ്ളൈവീല്‍ പവര്‍ മള്‍ട്ടിപ്ലിക്കേഷന്‍ സംവിധാനം സാധ്യമാക്കാന്‍ കേവലം നാലു കോടി രൂപമതിയാകും. ഒരു മെഗാവാട്ട് പ്ലാന്റ് സ്ഥാപിക്കുവാന്‍ വേണ്ടിവരുന്ന യന്ത്രസംവിധാനത്തില്‍ ചെറിയ ആര്‍പിഎമ്മില്‍ കറങ്ങുന്ന 160 ടണ്‍ ഭാരവുമുള്ള ഫ്ളൈവീലിന് 22 മീറ്റര്‍ ഡയമീറ്ററുണ്ട്. ജര്‍മനി, മലേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇതിനെക്കുറിച്ച് പഠിക്കുന്നതിനും അതാത് രാജ്യങ്ങളില്‍ ഈ ടെക്നോളജി പ്രയോഗത്തില്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നു. സര്‍ക്കാര്‍ സഹായത്തോടെ ഈ ടെക്നോളജി നടപ്പാക്കിയാല്‍ വൈദ്യുതി വളരെ കുറഞ്ഞചെലവില്‍ വിതരണം ചെയ്യാന്‍ സാധിക്കും അത് രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.ഊര്‍ജ്ജപര്യാപ്തമായ ഒരുനാട് സമൃദ്ധമാണ്, ഊര്‍ജനിര്‍മാണം പ്രകൃതിക്ക് ദോഷം ചെയ്യാത്തതാണെങ്കില്‍ അത് പ്രകൃതിയ്ക്ക് വരദാനംകൂടിയാണ്.