ഫ്‌ളൈവീൽ പവർ മൾട്ടിപ്ലിക്കേഷൻ : ഇക്കണോമി പവർ റെവല്യൂഷൻ

Posted on: March 23, 2019

ഊർജ മേഖലയെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ഹൈദരാബാദ് സ്വദേശികളായ ശാസ്ത്രജ്ഞദമ്പതിമാർ. ഡോ. ശ്രീനിവാസ് ഭാസ്‌കർ ചാഗണ്ടിയും ഭാര്യ ബാല ചാഗണ്ടിയുമാണ് ഈ രംഗത്ത് നേട്ടം കൈവരിച്ചിരിക്കുന്നത്. ഫ്‌ളൈവീൽ പവർ മൾട്ടിപ്ലിക്കേഷൻ എന്ന നൂതനസാങ്കേതിക വിദ്യയിലൂടെയാണ് ഇവർ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. യൂണിറ്റിന് കേവലം ഒരു രൂപയോളം നിർമാണചെലവുള്ള ഫ്‌ളൈവീൽ പവർ മൾട്ടിപ്ലിക്കേഷൻ സാങ്കേതികവിദ്യ വൈദ്യുതി മേഖലയിൽ വൻകുതിച്ചുചാട്ടത്തിന് വഴിതെളിക്കും.

മുപ്പത് വർഷത്തെ ഗവേഷണങ്ങൾക്കുശേഷമാണ് ദമ്പതികൾ വിജയം കണ്ടെത്തിയത്. 20000 മെഗാവാട്ടു വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇരുനൂറിൽ അധികം ഡിസൈനുകൾ ഇവർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. പൂർണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യയിലാണ് യന്ത്രസംവിധാനം പ്രവർത്തിക്കുന്നത്. 440 വോൾട്ട് (ത്രീ ഫേസ്) വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ യന്ത്രഘടകങ്ങൾ 12 വോൾട്ടിന്റെ നാലു ബാറ്ററി, ഡിസി മോട്ടോർ (1 കെവി -3 കെവി), 3 ഗിയർ ബോക്‌സസ്, ഫ്‌ളൈവീൽ, എസി ഡൈനാമോ (1 കെവി – 10 കെവി) എന്നിവയാണ്. 48 വോൾട്ടിൽ പ്രവർത്തിക്കുന്ന ഡിസി മോട്ടർ ഒരു ഫ്‌ളൈവീൽ കറക്കുന്നു. ഫ്‌ളൈവീലിലെ ഇനേർഷ്യമൂലമുണ്ടാകുന്ന ശക്തി 10 കിലോ വോൾട്ടിന്റെ ഡൈനാമോ കറക്കി 440 വോൾട്ട് വൈദ്യുതിയുണ്ടാക്കുന്നു. ഡൈനാമോയിൽ ലോഡ് കൂടുന്നതനുസരിച്ച് ഫ്‌ളൈവീലിന്റെ ആർപിഎം നിയന്ത്രിതമായിരിക്കും.

ഡൈനാമോയിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കൊണ്ടുതന്നെ ബാറ്ററിയും ചാർജാകുന്നതിനാൽ ഇതിന്റെ പ്രവർത്തനം ഇടതടവില്ലാതെ നടക്കും. 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കുന്ന സംവിധാനത്തിൽ മോട്ടോർ, ഗിയർബോക്‌സ്, ജനറേറ്റർ എന്നിവ പൂർണമായി ശീതികരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ സ്ഥലസൗകര്യം ആവശ്യമില്ലാത്ത യന്ത്രസംവിധാനം ഉൾക്കൊള്ളാൻ ഒരു മേശയുടെ വലുപ്പം മതിയാകും.

സർക്കാർ സഹായത്തോടെ പ്രവർത്തിച്ചാൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ഒരു യന്ത്രസംവിധാനം തയാറാക്കാൻ സാധിക്കും. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടിവരുന്ന യന്ത്രസംവിധാനത്തിൽ ഘടിപ്പിക്കുന്ന 22 മീറ്റർ ഡയമീറ്ററുള്ള ഫ്‌ളൈവീൽ വളരെ ചെറിയ ആർപിഎമ്മിലാണ് കറങ്ങുന്നത്. ഇതിന് ഏകദേശം 160 ടണ്ണോളം ഭാരം ഉണ്ടാകും. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടിവരുന്നത് കേവലം 600 സ്‌ക്വയർ യാർഡ് സ്ഥലമാണ്. യാതൊരുവിധ മലിനീകരണത്തിനും കാരണമാകാത്ത ഈ സംവിധാനം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ ഹൈദരാബാദിൽ എത്തിക്കൊണ്ടിരിക്കുന്നു.

വൈദ്യുതി കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനായാൽ രാജ്യപുരോഗതി അവിശ്വസനീയമാകും. വൈദ്യുതിയിൽ സ്വയം പര്യാപ്തമാകുന്നതോടെ കാർഷിക, വ്യാവസായിക മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകും. ഈ കണ്ടുപിടുത്തം സമസ്ത മേഖലയെ പരിപോഷിപ്പിക്കുന്നതോടൊപ്പം തൊഴിൽ സാധ്യതയും വർധിപ്പിക്കും.

ഫ്‌ളൈവീൽ പവർ മൾട്ടിപ്ലിക്കേഷൻ ടെക്‌നോളജി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചാൽ 1 രൂപയ്ക്ക് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാകും. 2018 ഓഗസ്റ്റിൽ ഫ്‌ളൈവീൽ പവർ മൾട്ടിപ്ലിക്കേഷൻ സിസ്റ്റത്തെ റിന്യൂവബിൾ എനർജിയുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.

പി. അജികുമാർ