പ്രദീപിനും കുടുംബത്തിനും കനിവിന്റെ കൂടാരമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

Posted on: July 7, 2023

വലപ്പാട് : ഉള്ളില്‍ ആധിപേറിയജീവിതമായിരുന്നു മത്സ്യത്തൊഴിലാളിയായ പുളിക്കല്‍ പ്രദീപിന് ഇന്നലെവരെ. കുടിലെന്നുപോലും വിളിക്കാന്‍ കഴിയാത്ത ചായ്പ്പിനകത്ത്, ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ തന്റെ രണ്ടു പെണ്‍മക്കളെയും കൊണ്ട് ജീവിതം തള്ളിനീക്കിയ പ്രദീപിന് സാന്ത്വനവുമായി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബും രംഗത്തെത്തി. മണപ്പുറം ഫൗണ്ടേഷനും തൃപ്രയാര്‍ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ മണപ്പുറം ഫൗണ്ടേഷന്‍ എംഡിയും സിഇഒയുമായ വി പി നന്ദകുമാറും ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്ള്‍ ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാറും ചേര്‍ന്ന് പ്രദീപിന് കൈമാറി.

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനലിന്റെ ‘ഹോം ഫോര്‍ ഹോംലെസ്സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന് 500 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. തിരുപഴഞ്ചേരി ലക്ഷംവീട് കോളനിയില്‍ ഭവനനിര്‍മാണമുള്‍പ്പടെ പദ്ധതിക്കുകീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ലയണ്‍സ് ക്ലബ്ബ് പ്രതിനിധികളായ വ്യാസ ബാബു, ജിസ ആന്റണി, ബിന്ദു സുരേന്ദ്രന്‍, എ എ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.