മണപ്പുറത്തിന്റെ ‘സായൂജ്യം’; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം

Posted on: June 3, 2023

തൃപ്രയാര്‍ : ഇടിഞ്ഞു വീഴാറായ കൂരകളില്‍ നോക്കി പരിതപിച്ച കാലങ്ങളെ വിസ്മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ പൂര്‍ത്തീകരിച്ച പതിനാറ് സ്‌നേഹഭവങ്ങളുടെ താക്കോല്‍ദാനവും, എടത്തുരുത്തി ഗവണ്‍മെന്റ് ഐടിഐയിലേക്കുള്ള വാട്ടര്‍ കിയോസ്‌ക്കിന്റെ സമര്‍പ്പണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. തിരുപഴഞ്ചേരി കോളനിയിലെ 2 കിണറുകളും, 2 കുളങ്ങളും നവീകരിക്കാനായി 5 ലക്ഷം രൂപയും ചടങ്ങില്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എം ഡി യും സി.ഇ.ഓ യുമായ വി പി നന്ദകുമാര്‍ പദ്ധതി സമര്‍പ്പിച്ചു . തുടര്‍ന്നു വി പി നന്ദകുമാര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ചു വൃക്ഷ തൈയും നട്ടു.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റീ വി പി നന്ദകുമാറിന്റെ മാതാവ് സരോജിനി പത്മനാഭന്റെ സ്മരണാര്‍ത്ഥം തുടക്കമിട്ട സായൂജ്യം പദ്ധതിയിലൂടെ നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് കോളനിയില്‍ പൂര്‍ത്തീകരിച്ചത്. രണ്ടു കിടപ്പുമുറി, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി ഉള്‍പ്പടെ 450 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും പൂര്‍ത്തീകരിച്ചത്. നേരത്തെ കോളനിയിലേക്ക് 10 അടി വീതിയില്‍ റോഡും നിര്‍മിച്ചു നല്‍കിയിരുന്നു. ബദലഹേം ഡെവലപ്പേഴ്‌സിന്റെ സഹകരണത്തോടെയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്്

തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് പദ്ധതി വിശദീകരിച്ചു. ഇ ടീ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് എം ഡി രവീന്ദ്ര ബാബു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ചടങ്ങില്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് , തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണ്‍ , എടത്തുരത്തി ഗ്രാമപഞ്ചായത് പ്രസിഡന്റ് സി കെ ചന്ദ്രബാബു , പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്,മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി എന്നിവര്‍ പ്രസംഗിച്ചു.