600 രോഗികള്‍ക്ക് ഡയാലിസിസ് ടോക്കണുകള്‍ നല്‍കി മുത്തൂറ്റ് മിനി

Posted on: February 17, 2023

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സികളില്ലൊന്നായ മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ക്ലബുമായി ചേര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 600 രോഗികള്‍ക്കുള്ള ഡയാലിസിസ് ടോക്കണുകളുടെ വിതരണം പൂര്‍ത്തിയാക്കി. മുത്തൂറ്റിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സിഎസ്ആര്‍) ഭാഗമായി നല്‍കുന്ന 600-ാമത്തെ ടോക്കണ്‍ ഗുണഭോക്താവിന് വേണ്ടി എം.പി ഹൈബി ഈഡനില്‍ നിന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേഡന്‍ ഏറ്റുവാങ്ങി.

മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ചെയര്‍പേഴ്‌സണ്‍ നിസി മാത്യു, മുത്തൂറ്റ് മിനി സിഇഒ പി.ഇ.മത്തായി, റോട്ടറി മിഡ്ടൗണ്‍ പ്രസിഡന്റ് രാധേഷ് ഭട്ട്, റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ക്ലബ് പ്രൊജക്റ്റ് ചെയര്‍മാന്‍ കെ.കെ.ജോര്‍ജ്, റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ക്ലബ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അഗസ്റ്റിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള മുത്തൂറ്റ് മിനിയുടെ ശ്രമങ്ങളെ ഹൈബി ഈഡന്‍ എംപി ചടങ്ങില്‍ പ്രശംസിച്ചു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഇത്തരത്തിലുള്ള പദ്ധതികളെ തങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും. വര്‍ഷങ്ങളായി തങ്ങളെ പിന്തുണയ്ക്കുന്ന പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സിഎസ്ആര്‍ ഫണ്ടുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സഹകരണം വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് അതിലൂടെ ആവശ്യമുള്ള കൂടുതല്‍ ആളുകള്‍ക്ക് ഡയാലിസിസ് ചികിത്സ ലഭിക്കും. ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ലിസ്സി ഹോസ്പിറ്റലിനും റോട്ടറി കൊച്ചിന്‍ മിഡ്ടൗണിനും നന്ദി അറിയിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.