തിരുപഴഞ്ചേരി കോളനിക്ക് മണപ്പുറത്തിന്റെ സമ്മാനം ; സായൂജ്യം പദ്ധതി യാഥാര്‍ഥ്വമാകുന്നു

Posted on: January 6, 2023

തൃശൂര്‍ : തിരുപഴഞ്ചേരി കോളനിനിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ആവേശത്തിലാണ് മണപ്പുറം ഗ്രൂപ്പ്. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യം വഴി കോളനിയിലെ പതിമൂന്നോളം കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കും. കൂടാതെ, മൂന്ന് വീടുകളുടെ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിക്കും.

ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ധനസഹായത്തോടെ, ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന കര്‍മം ഇന്ന് വൈകിട്ട് 3ന് റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ കൂരകളില്‍ താമസിച്ചിരുന്ന കോളനി നിവാസികളുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ മണപ്പുറം ഫൗണ്ടേഷന്‍ വീടുകളുടെനിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. 450 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ആധുനിക രീതിയിലുള്ള 13 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

ഒരു കോടി രൂപയാണ് പദ്ധതിചെലവ്. കൂടാതെ, വീടുകളിലേക്കുള്ള പാതയും മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കും. ചടങ്ങില്‍ സി.സി. മുകുന്ദന്‍ എംഎല്‍എ, ജില്ലാ കലക്റ്റര്‍ ഹരിത എസ്. കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, മണപ്പുറം ഫണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി .പി. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.