മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കിയ 25 സ്നേഹഭവനങ്ങള്‍ മുഖ്യമന്ത്രി കൈമാറും

Posted on: September 21, 2022

തൃശൂര്‍ : വലപ്പാട് ഗ്രാമപഞ്ചായത്തിലെ നിരാലംബരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ദാനം വെള്ളിയാഴ്ച (സെപ്തംബര്‍ 23) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഡി ഷിനിത മുഖ്യമന്ത്രിയില്‍ നിന്ന് താക്കോല്‍ സ്വീകരിക്കും. 2021 ഡിസംബറില്‍ ശിലാസ്ഥാപനം നടത്തിയ 25 വീടുകളുടേയും നിര്‍മാണം പൂര്‍ത്തിയായി. താക്കോല്‍ ദാനത്തോടൊപ്പം അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണവും മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പ് പ്രകാശനവും നടക്കും. സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ അതിഥികളാകും.

മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ സ്വപ്ന പദ്ധതിയാണ് ‘സ്നേഹഭവനം’. പദ്ധതിക്കു കീഴില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് ഇതിനോടകം വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇതുകൂടാതെ ഒട്ടനേകം സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി എം അഹമ്മദ് മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട് തുടങ്ങിയവര്‍ സംബന്ധിക്കും.