അക്ഷരമുറ്റത്തു കരുതലായി മണപ്പുറം ഫൗണ്ടേഷന്‍

Posted on: August 2, 2022

തൃപ്രയാര്‍ : ജില്ലയിലെ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലായി 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ 2200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഓരോ പഞ്ചായത്തിലും 100 വീതം കുട്ടികള്‍ക്ക് 1000 രൂപ വിലമതിക്കുന്ന പഠനോപകരണങ്ങളാണ് നല്‍കിയത്.

തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉല്‍ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, സി സി മുകുന്ദന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി.

മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് സ്വാഗതം പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, ചലച്ചിത്ര താരം കുമാരി ലിയോണ ലിഷോയ്,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ എസ് ജയ, ഏറിയാട് ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പഠനോപകരണ വിതരണത്തിന് 22 പഞ്ചായത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.

മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, സിഎസ്ആര്‍ വിഭാഗം ചീഫ് മാനേജര്‍ ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, രേഷ്മ, അഖില, സഞ്ജയ്, ശരത്ത് ബാബു എന്നിവര്‍ പങ്കെടുത്തു.