നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്

Posted on: January 1, 2022

തിരുവനന്തപുരം : റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അന്തേവാസികളായ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നല്‍കിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം ഒരുക്കി മണപ്പുറം ഫൗണ്ടേഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ക്രാബ് ഹൗസിന്റെ ഒന്നാം നിലയില്‍ 12 ശയന മുറികളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചത്. ശയന മുറികളുടെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വിപി നന്ദകുമാര്‍ നിര്‍വഹിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി. ന്യൂ അല്‍ അയിന്‍ ക്ലിനിക് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി ഹരിഹരന്‍, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ എം അഷ്റഫ്, ക്രാബ് സെക്രട്ടറി സജ്ജി കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.

നാല്‍പതോളം രോഗികള്‍ക്കും അവരുടെ ഓരോ കൂട്ടിരിപ്പുകാര്‍ക്കുമായി 80 പേര്‍ക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യമൊരുക്കുന്ന ക്രാബ് ഹൗസ് സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്താലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ക്രാബ് ഹൗസിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടും.