കേരളത്തിലുടനീളം കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് സാന്ത്വന പദ്ധതിയുമായി മണപ്പുറം

Posted on: January 29, 2021

കൊച്ചി : ഇളംപ്രായത്തില്‍ അര്‍ബുദ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കും പഠനത്തിനുമായി മണപ്പുറം ഫിനാന്‍സ് ധനസഹായ പദ്ധതി അവതരിപ്പിച്ചു. കേരളത്തിലുടനീളം കാന്‍സര്‍ ബാധിതരായ ആയിരം കുട്ടികളുടെ കുടുംബത്തിനാണ് സഹായം വിതരണം ചെയ്യുന്നത്. മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബും ചേര്‍ന്ന് രൂപം നല്‍കിയ പദ്ധതി പ്രകാരം പ്രതിവര്‍ഷം 12,000 രൂപ വീതം വിതരണം ചെയ്യും. പദ്ധതി മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു.

ആദ്യഘട്ടത്തില്‍ 101 കുട്ടികള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു. ചെറുപ്രായത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന അര്‍ബുദവും അതുണ്ടാക്കുന്ന വേദനയും കുട്ടികളെ മാത്രമല്ല അവരുടെ കുടുംബങ്ങളെ കൂടി തളര്‍ത്തുന്നതാണ്. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.

ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സജു ആന്റണി പത്താടന്‍ അധ്യക്ഷത വഹിച്ചു. , മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍, ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡപ്യുട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ്, ലയണ്‍സ് ക്ലബ് അംഗങ്ങളായ ബീന സാജു, ശങ്കരനാരായണന്‍ ടി, പോള്‍ ഡേവിസ് എന്നിവര്‍ സംസാരിച്ചു.