ഫെഡറല്‍ ബാങ്ക് നിര്‍മിച്ച 34 വീടുകള്‍ പ്രളയബാധിതര്‍ക്കു കൈമാറി

Posted on: July 23, 2020

മലപ്പുറം: പ്രളയത്തില്‍ വീടു നഷ്ടമായ നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്‍കിയ 34 വീടുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് മിഷന്‍ ലഭ്യമാക്കിയ ഭൂമിയിലാണ് ഫെഡറല്‍ ബാങ്ക് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും ബാങ്കാണ്.

താക്കോല്‍ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോഫറന്‍സ് വഴി ഉല്‍ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രിമാരായ എ.കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍, പി വി അന്‍വര്‍ എംഎല്‍എ, പി വി അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ആദിവാസി ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ തുടങ്ങിയവര്‍ വിഡിയോ കോഫറന്‍സ് വഴിയും നേരിട്ടും പങ്കെടുത്തു.

ഫെഡറല്‍ ബാങ്കിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ്വര്‍ക്ക് ഹെഡുമായ ജോസ് കെ മാത്യു, സിഎസ്ആര്‍ മേധാവി രാജു ഹോര്‍മിസ്, വൈസ് പ്രസിഡന്റും കോഴിക്കോട് സോണല്‍ ഹെഡുമായ റെജി സി വി, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മലപ്പുറം റീജനല്‍ ഹെഡുമായ അബ്ദുല്‍ ഹമീദ് എം എ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും വയനാട് റീജനല്‍ ഹെഡുമായ ജോസഫ് എന്‍ എ എന്നിവരും പങ്കെടുത്തു.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി പ്രളയബാധിതരായ നിരവധി കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിന് ഫെഡറല്‍ ബാങ്ക് സഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയം വന്‍ നാശനഷ്ടം വിതച്ച മഹാരാഷ്ട്രയിലെ കോലാപൂരിലെ രണ്ടു ഗ്രാമങ്ങളില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ച 80 വീടുകള്‍ കഴിഞ്ഞ മാസം ഗുണഭോക്താക്കള്‍ക്കു കൈമാറിയിരുന്നു.

TAGS: Federal Bank |