ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി മുത്തൂറ്റ് ഫിനാന്‍സ്

Posted on: April 23, 2020

കൊച്ചി: കോവിഡ് -19 റിലീഫ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ വിവിധ ആശുപത്രികളിലായി വിതരണം ചെയുന്ന പിപിഇ കിറ്റുകളുടെ (പേഴ്സണല്‍ പ്രെട്ടക്റ്റീവ് ഇക്വിപ്മെന്റ്) വിതരണ ഉദ്ഘാടനം സബ് കളക്ടര്‍ സെ്നഹില്‍ കുമാര്‍ സിംഗ്, കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി. ആനന്ദ്, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ വിഭാഗം ഹെഡ് ബാബു ജോണ്‍ മലയില്‍, എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഡോ. ഹനീഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.

പേഴ്സണല്‍ പ്രെട്ടക്റ്റീവ് ഇക്വിപ്മെന്റ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ സംരക്ഷണത്തിനായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഫുള്‍ കവറോള്‍, ബൂട്ട് ലെഗിന്‍സ്, സ്റ്റെറിലൈസ്ഡ് ഗ്ലൗസ്, ട്രൈപ്ലൈ ഫേയ്സ് മാസ്‌ക്, ഫുള്‍ ലെങ്ത് ഏപ്രണ്‍, ഫുള്‍ കവര്‍ ഫേയ്സ് മാസ്‌ക്, ഡിസ്പോസല്‍ കിറ്റ്, എന്നിവ അടങ്ങുന്നതാണ് ഈ പിപിഇ കിറ്റുകള്‍.

കോവിഡ് തീവ്രപരിചരണ ആശുപത്രിയാക്കി ജില്ലാ ഭരണകൂടം ഏറ്റടുത്ത പി വി എസ് ഹോസ്പിറ്റലിലും, കളമശ്ശേരി മെഡിക്കല്‍ കോളേജിലും കിറ്റുകള്‍ കൈമാറി. 490-530 രൂപ വരെ വിലവരുന്ന 5000ത്തോളം കിറ്റുകളാണ് കേരളത്തിലെ വിവിധ ആശുപത്രികളിലായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

പിപിഇ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

TAGS: Muthoot Finance |