നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെൽത്ത്‌കെയർ പദ്ധതി

Posted on: August 5, 2019

കൊച്ചി : മോഹൻലാൽ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെൽത്ത്‌കെയർ പദ്ധതിക്ക് തുടക്കമായി. അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ മോഹൻലാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

അമൃത-വിശ്വശാന്തി ഹെൽത്ത്‌കെയർ പദ്ധതി നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് പൂർണമായും ഏറ്റെടുക്കും. മോഹൻലാലിന്റെ അമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് 5 മുതൽ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനം കേരളത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ്, ബീഹാർ, ജമ്മു കാഷ്മീർ, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യ ഗുണഭോക്താവായ ബീഹാറിൽ നിന്നുള്ള 5 വയസുകാരി സിമ്രാന് പദ്ധതിയുടെ ഫിനാൻഷ്യൽ കാർഡ് മോഹൻലാൽ കൈമാറി.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ രൂപീകരിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. രണ്ടു കോടിയോളം രൂപയുടെ ധനസഹായം ഇതിനോടകം കേരളത്തിൽ മാത്രം നൽകാൻ കഴിഞ്ഞു. ഇപ്പോൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ കേരളത്തിന് വെളിയിലേക്കും സഹായമെത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സ്വാമി തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പി.ഇ.ബി. മേനോൻ, ചെയർമാൻ ഡോ. ദാമോദരൻ വാസുദേവൻ, ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട്, മേജർ രവി, സുരേഷ് ഇടമണ്ണേൽ, അമൃത മെഡിക്കൽ ഡയറക്ടർ പ്രേം നായർ, അമൃത പീഡിയാട്രിക് കാർഡിയോളജി മെഡിസിൻ വിഭാഗം തലവൻ ഡോ. ആർ. കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.