ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്ക് തുടക്കമായി

Posted on: February 13, 2024

ന്യൂഡല്‍ഹി : ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് തുടക്കമായി. വിഡിയൊ കോണ്‍ഫറന്‍സിംഗ് വഴി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളുടെ ഉദ്ഘാടനവും നടന്നു.

വിദൂര ഗ്രാമങ്ങളിലെ ഏറ്റവുംചെറിയ കച്ചവടക്കാര്‍ വരെ യുപിഐ വഴി ഇടപാടുകളും ഡിജിറ്റല്‍ പേയ്‌മെന്റുകളും നടത്തുന്ന ഇന്ത്യയില്‍ പൊതുഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപ്ലവകരമായ ഒരു മാറ്റമാണ് കൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷം കോടി രൂപയുടെ അതായത് എട്ട് ട്രില്യണ്‍ശ്രീലങ്കന്‍ രൂപയുടെയും ഒരുട്രില്യണ്‍ മൗറീഷ്യസ് രൂപയുടെയും 100 ബില്യണിലധികം ഇടപാടുകള്‍ യുപിഐ വഴി നടന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ജെം ട്രിനിറ്റി മുഖേന 34 ലക്ഷം കോടി രൂപ അഥവാ 400 ബില്യണ്‍ യുഎസ് ഡോളര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.

ഏഷ്യയില്‍ ഗള്‍ഫിലെ യുഎഇ, നേപ്പാള്‍, ഭൂട്ടാന്‍, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ മൗറീഷ്യസിലൂടെ ആഫ്രിക്കയിലും റുപേ കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. മൗറീഷ്യസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹാര്‍ഡ് കറന്‍സി വാങ്ങേണ്ടതിന്റെ ആവശ്യകത ഇതോടെ കുറയും. യുപിഐ, റുപേ കാര്‍ഡ് സംവിധാനം നമ്മുടെ സ്വന്തം കറന്‍സിയില്‍ ചെലവ് കുറഞ്ഞ സൗകര്യപ്രദമായ തത്സമയ ഇടപാടുകള്‍ സാധ്യമാക്കും. വരുംകാലങ്ങളില്‍, അതിര്‍ത്തി കടന്നുള്ള പണമയയ്ക്കലിലേക്ക്, അതായത് വ്യക്തിയില്‍ നിന്ന് വ്യക്തിക്ക് (പി2പി) പേയ്‌മെന്റ് സൗകര്യത്തിലേക്ക് നീങ്ങാനാകും.