ഐബിഎസ് സോഫ്റ്റ്വെയറിന്റെ കൊച്ചി ക്യാംപസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on: February 5, 2024

കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് സോഫ്റ്റ്വെയറിന്റെ കൊച്ചി ക്യാംപസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏതു സംരംഭകനും കേരളം സ്വര്‍ഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സാങ്കേതികവിദ്യയില്‍ അധിഷ്ഠിത വ്യവസായങ്ങളിലും കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണു സംസ്ഥാനത്തു നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ വര്‍ധന.

ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണു ലക്ഷ്യം. ഇതിന് ഉത്തേജനം പകരാന്‍ കഴിയുന്ന വിധം കൊച്ചിയില്‍ ടെക്‌നോളജി ഇന്നവേഷന്‍ സോണിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണ സജ്ജമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷന്‍ സോണ്‍ ആകുമത്. എയ്‌റോസ്‌പേസ് ഉല്‍പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ കെ-സ്‌പേസ് പ്രവര്‍ത്തനം തുടങ്ങി.

ടെക്‌നോപാര്‍ക്കിന്റെ 4-ാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ക്യാംപസില്‍ ജോലി, പാര്‍പ്പിടം, ഷോപ്പിംഗ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള മിനി ടൗണ്‍ഷിപ് പദ്ധതിയായ ‘ക്വാഡിന്’ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 20 ചെറുകിട ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ മുന്നേറ്റം തുടരാന്‍ കഴിയണം. എല്ലാ പിന്തുണയും സര്‍ക്കാര്‍ ലഭ്യമാക്കും’- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒരു പ്രവൃത്തിദിനം പോലും നഷ്ടപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടില്ലെന്ന് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കിലെ 4.2 ഏക്കറില്‍ 8.2 ലക്ഷം ചതുരശ്രയടിയില്‍ 14 നിലകളിലാണു ക്യാംപസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി കാര്യ ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍, സിയാല്‍ എംഡി എസ്. സുഹാസ്, ഐബിഎസ് സോഫ്റ്റ്വെയര്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അര്‍മിന്‍ മീര്‍, ബ്ലാക്‌സ്റ്റോണ്‍ സീനിയര്‍ എംഡി ഗണേഷ് മണി, ഐബിഎസ് സോഫ്റ്റ്വെയര്‍ അസോഷ്യേറ്റ് മാനേജര്‍ അശ്വിന്‍ ഇവാന്‍ ജേക്കബ്, ഐബിഎസ് ഗ്ലോബല്‍ എച്ച്ആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.