പുതിയ മാറ്റങ്ങളോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നു മുതല്‍

Posted on: October 18, 2023

കൊച്ചി :• പുത്തന്‍ വിമാനങ്ങളും പുതുവര്‍ണങ്ങളുമായി എയര്‍ ഇന്ത്യഎക്‌സ്പ്രസ് എത്തുന്നു. 2005 ഏപ്രിലില്‍ കേരളത്തില്‍ നിന്നുപ്രയാണമാരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്രയില്‍ ഇനിനിര്‍ണായകമാകുക ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രകള്‍.

ഇതുവരെ ഗള്‍ഫ്, സിംഗപ്പൂര്‍ റൂട്ടുകളില്‍ ബജറ്റ് എയര്‍ലൈനായി പ്രവര്‍ത്തിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ടാറ്റ ഓര്‍ഡര്‍ ചെയ്ത പുതിയ വിമാനങ്ങളെത്തുന്നതോടെ കൂടുതല്‍ ആഭ്യന്തര സര്‍വീസുകളാകും. എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുത്തതോടെയാണ് ആഭ്യന്തര മേഖലയില്‍ സജീവ സാന്നിധ്യമാവാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നത്.

കമ്പനിയുടെ പുതിയ ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന്റെആദ്യ സര്‍വീസ് വ്യാഴാഴ്ച മുംബൈ-ഡല്‍ഹി സെക്ടറിലാവുമെന്നാണു സൂചന. കമ്പനിയെ 2022ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും ഉപസ്ഥാപനമായ എയര്‍ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തതോടെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വീണ്ടുംശ്രദ്ധാകേന്ദ്രമാവുന്നത്. ഇതുവരെ ബോയിംഗ് 737 – 800 വിമാനങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് രണ്ടു പുത്തന്‍ ബോയിംഗ് 737 – 8 മാക്‌സ് വിമാനങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഒപ്പം എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പസിന്റെ പുത്തന്‍ ബാന്‍ഡിങ്ങും ലിവറിയും ഇന്ന് മുംബൈയില്‍ അനാവൃതമാകും.