ഇന്ത്യന്‍ ഓഹരി വിപണി ടി പ്ലസ് വണ്‍ സെറ്റില്‍മെന്റ് സൈക്കിളിലേക്ക്

Posted on: January 30, 2023

കൊച്ചി : ഓഹരി വിഭാഗത്തിലെ എല്ലാ ഇടപാടുകളും ജനുവരി 27 മുതല്‍ ടി പ്ലസ് വണ്‍ സൈക്കിളിലേക്ക് മാറ്റി ഇന്ത്യന്‍ മൂലധന വിപണി ചരിത്രം കുറിച്ചു.

എസ്എംഇ ഓഹരിയുള്‍പ്പെടെയുള്ള ഓഹരികള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ആര്‍ഇഐടികള്‍), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ഇന്‍വിറ്റ്), സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി), ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എന്നിവയുള്‍പ്പെടെ ഇക്വിറ്റി വിഭാഗത്തിലെ ഇടപാടുകള്‍ എല്ലാം ഇനി മുതല്‍ ടി പ്ലസ് വണ്‍ അടിസ്ഥാനത്തില്‍ മാത്രമേ തീര്‍പ്പാക്കാന്‍ സാധിക്കൂ.

ഇന്ത്യന്‍ മൂലധന വിപണിയിലെ ഓഹരി വിഭാഗത്തിലെ ഇടപാടുകളുടെ സെറ്റില്‍മെന്റ് സൈക്കിള്‍ വെട്ടിക്കുറയ്ക്കുന്നതിനു 2021 സെപ്റ്റംബര്‍ ഏഴിനാണ് സെക്യൂരി്റ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) തുടക്കം കുറിച്ചത്. 2022 ജനുവരി ഒന്നു മുതല്‍ ഇക്വിറ്റി വിഭാഗത്തിലെ ഏതെങ്കിലും ഉപകരണത്തില്‍ ടി പ്ലസ് സെറ്റില്‍മെന്റ് സൈക്കിള്‍ ആരംഭിക്കുവാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സെബി അനുമതി നല്‍കി. 2022 ഫെബ്രുവരി 25-ന് ആദ്യ ബാച്ച് ഓഹരികള്‍ ടി പ്ലസ് വണ്‍ സെറ്റില്‍മെന്റിലേക്ക് നീങ്ങി. അതിനുശേഷം ഓരോ മാസവും 500 ഓഹരികള്‍ ഈ സെറ്റില്‍മെന്റ് സൈക്കിളിലേക്ക് നീക്കി വരികയായിരുന്നു.

ആഗോളതലത്തില്‍ വികസിത വിപണികളിലെ മിക്ക സ്റ്റോക്ക് എക്സ്ചേഞ്ചുകളും ടി പ്ലസ് ടു സെറ്റില്‍മെന്റ് സിസ്റ്റമാണ് പിന്തുടരുന്നത്.

”ഇന്ത്യന്‍ മൂലധന വിപണിയുടെ വലിയൊരു നേട്ടമാണിത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശങ്ങളും എല്ലാ വിപണി അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളുടേയും മധ്യവര്‍ത്തികളുടേയും ( പ്രത്യേകിച്ച് ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ട്രേഡിംഗ് അംഗങ്ങള്‍, ക്ലിയറിംഗ് അംഗങ്ങള്‍, കസ്റ്റോഡിയന്‍മാര്‍, മറ്റു പങ്കാളികള്‍ തുടങ്ങിയവര്‍) കഠിനമായ പരിശ്രമം ഇല്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല.

സെറ്റില്‍മെന്റ് സൈക്കിള്‍ ചെറുതാക്കുന്നതിനുള്ള പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ അവര്‍ കഠിനമായി പ്രവര്‍ത്തിച്ചു. സെറ്റില്‍മെന്റ് സൈക്കിള്‍ ടി പ്ലസ് വണ്‍ ആയി ചുരുക്കുന്നത് നിക്ഷേപകര്‍ക്ക് അവരുടെ മൂലധനത്തില്‍ കാര്യക്ഷമത കൊണ്ടുവരുകയും മുഴുവന്‍ വ്യവസായത്തിലും റിസ്‌ക് ലഘൂകരിക്കുകയും ചെയ്യും.”, എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.