ജി. എം. ആര്‍. എയര്‍പോര്‍ട്ടിന്റെ 49 ശതമാനം ഓഹരികള്‍ ഫ്രഞ്ച് കമ്പനി വാങ്ങി

Posted on: February 22, 2020

മുംബൈ : വിമാനത്താവള വികസന കമ്പനിയായ ജി. എം. ആര്‍. എയര്‍പോര്‍ട്ടിന്റെ 49 ശതമാനം ഓഹരികള്‍ ഫ്രഞ്ച് കമ്പനി ഗ്രൂപ്പ് എ. ഡി. പി. ഏറ്റെടുത്തു. 10,780 കോടി രൂപയുടെ ഇടപാടിന് ഇരുകമ്പനികളും കരാര്‍ ഒപ്പുവെച്ചു. ജി. എം. ആര്‍. ഗ്രൂപ്പിന്റെ കടബാധ്യത പുന:ക്രമീകരിക്കുന്നതിന് ഈ തുക വിനിയോഗിക്കും.

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള കണ്‍സോര്‍ഷ്യത്തിന് കമ്പനിയുടെ 44 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് 2019 മാര്‍ച്ചില്‍ ധാരണയായിരുന്നെങ്കിലും കോംപറ്റീഷന്‍ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ (ഡി.ഐ.എ.എല്‍) വിമാനക്കമ്പനികള്‍ക്ക് പത്തുശതമാനം ഓഹരികളില്‍ കൂടുതല്‍ പാടില്ലെന്ന നിബന്ധനയാണ് തടസ്സമായത്. ടാറ്റയ്ക്ക് എയര്‍ഏഷ്യയിലും വിസ്താരയിലും പങ്കാളിത്തമുള്ളതിനാല്‍ ഡി. .ൈ എ. എല്ലില്‍ 64 ശതമാനം ഓഹരികളിലുള്ള ജി. എം. ആറിന്റെ ഓഹരികള്‍ വാങ്ങാന്‍ കഴിയില്ല.

തുടര്‍ന്നാണ് ഫ്രഞ്ച് കമ്പനിയുമായി ജി. എം. ആര്‍. കരാറുണ്ടാക്കിയത്. 25,660 കോടി രൂപയുടെ കടബാധ്യതയുള്ള ജി. എം. ആര്‍. എയര്‍പോര്‍ട്ട് വിദേശത്തടക്കം മൂന്നു വിമാനത്താവളങ്ങള്‍ നടത്തുന്നുണ്ട്. രണ്ടെണ്ണം നിര്‍മാണ ഘട്ടത്തിലാണ്. കമ്പനിയുടെ 24.99 ശതമാനം ഓഹരികള്‍ ഉടന്‍ കൈമാറും. 5,248 കോടി രൂപ ഇതുവഴി ലഭിക്കും. ബാക്കി ഓഹരികള്‍ കൈമാറുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ട്.

TAGS: GMR Airports |