കേരളത്തില്‍ നിന്ന് 39 പുതിയ ആഭ്യന്തര വിമാനസര്‍വീസുകള്‍

Posted on: September 3, 2019

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ദിവസേന 39 ആഭ്യന്തര സര്‍വീസുകള്‍ പുതുതായി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണിത്.

തിരുവനന്തപുരത്തു നിന്നു മാത്രം 23 സര്‍വീസുകള്‍ നടത്തും. മൊത്തം 22 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യ-ഒന്ന്, സ്‌പൈസ് ജെറ്റ് – എട്ട് , എയര്‍ ഏഷ്യ- ഏഴ്, വിസ്താര – ഒന്ന്, ഗോ എയര്‍ – 22 എന്നിങ്ങനെയാണ് സര്‍വീസ് തുടങ്ങുക.

എയര്‍ ഇന്ത്യ ദിവസേന വൈകിട്ട് തിരുവന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു സര്‍വീസ് നടത്തും. അവിടെ നിന്ന് സിങ്കപ്പുര്‍, മലേഷ്യ, ഹോംഗ് കോംഗ് , ടോക്കിയോ, എന്നിവിടങ്ങളിലേക്ക് തുടര്‍വിമാനങ്ങള്‍ കിട്ടും വിധമാണ് ഈ സര്‍വീസ്. ടോക്കിയോയിലേക്കും സിങ്കപ്പൂരിലേക്കും തിരുവനന്തപുരത്തുനിന്ന് സര്‍വീസ് വേണമെന്ന് നിസാന്‍ അടക്കമുള്ള അന്താരാഷ്ട്ര കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്തുനിന്ന് കിഴക്കന്‍ ഏഷ്യയിലേക്ക് ഇപ്പോള്‍ ബിസിനസ് ക്ലാസ് സൗകര്യമുള്ള സര്‍വീസ് ഇല്ലെന്ന പരാതിയുണ്ട്. ഇതിനു പരിഹാരമായാണ് ഡല്‍ഹിയില്‍ നിന്ന് കിഴക്കന്‍ ഏഷ്യയിലേക്ക് പോകാന്‍ കഴിയുംവിധം തിരുവനന്തപുരത്തുനിന്ന് സര്‍വീസ് തുടങ്ങുന്നത്.

ഗോ എയര്‍ 22 സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും 16 സര്‍വീസുകള്‍ക്കാണ് ഇപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി. ജി. സി. എ) അനുമതി നല്‍കിയിട്ടുള്ളത്. കൊച്ചി, കണ്ണൂര്‍, ബംഗലുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളായിട്ടായിരിക്കും (തിരിച്ചും) സര്‍വീസ്. ബാക്കിയുള്ള ആറ് സര്‍വീസുകള്‍ക്കുള്ള അനുമതി ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

വിസ്താരയും സ്‌പൈസ് ജെറ്റും ഡല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുക. ഇന്ധനനികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിനു വിധേയമായി ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുകള്‍ സംസ്ഥാനത്തുനിന്ന് ആരംഭിക്കാനും തീരുമാനമുണ്ട്.

തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര സര്‍വീസ് കുറഞ്ഞത് ഐ.ടി. കമ്പനികളുള്‍പ്പെടെ യുള്ള വ്യവസായ സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തിനിടെ 1579 സര്‍വീസുകളാണ് തിരുവനന്തപുരത്തുനിന്ന് നിര്‍ത്തിയത്. ഇതില്‍ 1005 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളായിരുന്നു.