വയലിനിലെ നാദവിസ്മയം നിലച്ചു

Posted on: October 2, 2018

തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റു അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതകര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാംപ് ജംഗ്ഷനു സമീപമുണ്ടായ അപകടത്തില്‍ ഏകമകള്‍ ഒന്നരവയസ്സുകാരി തേജസ്വനി ബാല അന്നു തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി(38) ചികിത്സയിലാണ്.

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 ന് തൃശൂര്‍ക്ക് പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 ന് രാത്രിയോടെ തിരുമലയിലെ വീട്ടിലേക്ക് മടങ്ങിയതാണ്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വലതുതലച്ചോറിനും കഴുത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ ശാസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

സി.കെ. ഉണ്ണി – ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കറിന്റെ ആദ്യ കച്ചേരി 12-ാം വയസ്സിലായിരുന്നു. അമ്മാവനും സംഗീതജ്ഞനുമായ ബി.ശശികുമാറിന് കീഴിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.

ഇന്നു ഉച്ചകഴിഞ്ഞ് നാലുമണി വരെ യൂണിവേഴ്‌സിറ്റി കോളജിലും നാലു മുതല്‍ ആറു വരെ കലാഭവനിലും ബാലഭാസ്‌കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പൂജപ്പുരയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ശരീരം നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.