മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി

Posted on: August 16, 2018

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി നിർദേശം. ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് റസൽ ജോയി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും ദേശീയ ദുരന്തനിവാരണ അഥോറിട്ടി അധ്യക്ഷനുമായി കൂടിയാലോചിച്ച് ജലനിരപ്പ് 139 അടിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ഇക്കാര്യത്തിൽ തമിഴ്‌നാടും കേരളവും ദുരന്തനിവാരണ അഥോറിട്ടിയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളം നേരിടുന്ന പ്രളയക്കെടുതികൾ കണക്കിലെടുക്കാതെ ജലനിരപ്പ് 142 അടിയിൽ നിലനിർത്തണമെന്ന തമിഴ്‌നാടിന്റെ നിലപാട് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.