മാരുതിയുടെ വില്പന 2 കോടി പിന്നിട്ടു

Posted on: July 24, 2018

ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ കാര്‍ ഉത്പാദനം രണ്ടു കോടി പിന്നിട്ടു. 1983ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 34 വര്‍ഷവും ആറു മാസവും പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ കാര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയായി മാരുതി മാറി. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയുടെ 56.21 ശതമാനം മാരുതിയുടെ കൈവശമാണ്.

മാരുതി എന്ന ബ്രാന്‍ഡിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതാണ് ഈ ഉയര്‍ച്ചയെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ കെനിച്ചി അയുകാവ പറഞ്ഞു. ഇതില്‍ 1.4 കോടി വാഹനങ്ങള്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള നിര്‍മാണശാലയില്‍ നിന്നും ബാക്കി മനേസറില്‍നിന്നുമാണ് ഉത്പാദിപ്പിച്ചത്. മാരുതി 800 എന്ന മോഡല്‍ നിര്‍മിച്ചു തുടങ്ങിയ മാരുതി നിലവില്‍ 16 മോഡലുകളിലുള്ള കാറുകളാണ് പുറത്തിറക്കുന്നത്. ഇന്ത്യയില്‍ കൂടാതെ 100 രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോപ്പ്, ജപ്പാന്‍, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളുടെയും പ്രിയ ബ്രാന്‍ഡാണ് മാരുതി.