ഡോ. ഇ സി ജി സുദർശൻ അന്തരിച്ചു

Posted on: May 14, 2018

ടെക്‌സസ് : പ്രശസ്ത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജി. സുദർശൻ (86) അന്തരിച്ചു. ക്വാണ്ടം ഓപ്റ്റിക്‌സിലെ ഗവേഷണങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു. 9 തവണ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1971 ൽ സി.വി. രാമൻ അവാർഡും 1976 ൽ പദ്മഭൂഷണും നൽകി രാജ്യം അദേഹത്തെ ആദരിച്ചു.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയും അച്ചാമ്മയുമാണ് മാതാപിതാക്കൾ. കോട്ടയം സി.എം.എസ്. കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിൽ നിന്നും 1958 ൽ പിഎച്ച്ഡി നേടി. തുടർന്ന് ഹാർവാഡ് യൂണിവേഴ്‌സിറ്റി, റോച്ചസ്റ്റർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബേൺ, യൂണിവേഴ്‌സിറ്റി ഓഫ് സിറാക്കൂസ്, യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിൻ ടെക്‌സസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു.

1973-1984 കാലഘട്ടത്തിൽ ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സീനിയർ പ്രഫസറായും 1984-1990 ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഡയറക്ടറായും പ്രവർത്തിച്ചു.