കേന്ദ്രഗവൺമെന്റ് ആദായനികുതി നിയമത്തിൽ പൊളിച്ചെഴുത്തിനൊരുങ്ങുന്നു

Posted on: November 23, 2017

ന്യൂഡൽഹി : ജി എസ് ടി ക്കു പിന്നാലെ നരേന്ദ്ര മോദി ഗവൺമെന്റ് ആദായനികുതി നിയമത്തിൽ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നു. 1961 ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഏഴംഗ സമിതിയെ നിയമിച്ചു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് അംഗം അർബിന്ദ് മോദി തലവനായ സമിതിയോട് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

50 വർഷം പഴക്കമുള്ള ആദായനികുതി നിയമം നിരവധി തർക്കങ്ങൾക്കും നിയമപ്രശ്‌നങ്ങൾക്കും പിഴവുകൾക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വിവിധ രാജ്യങ്ങളിലെ പ്രത്യക്ഷ നികുതി സമ്പ്രദായങ്ങളും അന്താരാഷ്ട്ര നികുതി നിർദേശങ്ങളും സമിതി പരിശോധിക്കും. രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ പ്രത്യക്ഷ ടാക്‌സ് കോഡ് നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മുഖ്യ സാമ്പത്തികോപദേഷ് ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരിക്കും. ഗിരീഷ് അഹൂജ (ഡയറക്ടർ എസ് ബി ഐ), രാജീവ് മേമാണി (ചെയർമാൻ ആൻഡ് റീജണൽ മാനേജിംഗ് പാർട്ണർ ഇ & വൈ), മുകേഷ് പട്ടേൽ (ടാക്‌സ് അഡ്വക്കേറ്റ്), മാനസി കേഡിയ (കൺസൾട്ടന്റ് ഐസിആർഐഇആർ), ജി.സി. ശ്രീവാസ്തവ ഐആർഎസ് (റിട്ടേയേർഡ്) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

TAGS: Income Tax Act |